ദില്ലി: മഞ്ഞുവീഴ്ചക്കിടെ ​ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസവവേദന അനുഭവപ്പെട്ട ഷമിമ എന്ന യുവതിയെ കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ നൂറോളം പട്ടാളക്കാർ ചേർന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് മോദി രം​ഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

"വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ സൈന്യം. സേനയുടെ മാനുഷിക മനോഭാവം ഏറെ ആദരവ് നേടിയിട്ടുള്ളതാണ്. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, നമ്മുടെ സൈന്യം അവസരത്തിനൊത്ത് ഉയർന്ന് സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തികളിൽ അഭിമാനിക്കുന്നു. ഷമിമയുടെയും അവളുടെ കുഞ്ഞിന്‍റെയും ആരോ​ഗ്യത്തിനായി പ്രാർത്ഥിക്കുന്നു" മോദി ട്വീറ്റ് ചെയ്തു. സൈനികർ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നൂറോളം സൈനികരും 30 സിവിലയൻമാരും ചേർന്ന് നാലുമണിക്കൂറോളം ദുരം കനത്ത മഞ്ഞിലൂടെ യുവതിയെ ആശുപത്രിയിലെത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. സ്ട്രെച്ചറിൽ കിടത്തിയാണ് യുവതിയെ സൈനികർ ആശുപത്രിയിലെത്തിച്ചത്.