ദില്ലി: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ കുറ്റാരോപിതരായ നാല് പേരെ ഏറ്റുമുട്ടലിൽ വധിച്ച നടപടിയിൽ പ്രതികരണവുമായി ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ കിട്ടാനാണ് നമ്മള്‍ എപ്പോഴും  വാദിക്കുന്നതെന്ന് പറഞ്ഞ രേഖാ ശർമ്മ എന്താണ് ശരിക്കും സംഭവിച്ചതെന്ന് പൊലീസ് തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

ഒരു സാധാരണ പൗര എന്ന നിലയിൽ ഈ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടിയിരുന്നതെന്ന് രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയിലൂടെയാണ് നീതി നടപ്പാക്കപെടേണ്ടത് , ശരിയായ നടപടിക്രമങ്ങൾ പാലിക്കപ്പെടണമായിരുന്നു എന്നും രേഖാ ശർമ്മ പറയുന്നു. 

ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് . അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെയാണ് നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്ന് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.