Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി നിയമം: പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും, സഹകരിക്കില്ലെന്ന് കാന്തപുരം

  • ഇന്ത്യാ രാജ്യത്തോട് മുസ്ലിങ്ങൾ മോശമായി എന്താണ് ചെയ്തതെന്ന് കാന്തപുരം ചോദിച്ചു
  • രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാരെ കൊലപ്പെടുത്തിയത് മുസ്ലീങ്ങളായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 
National Citizenship amendment act Kanthapuram not to support harthal in Kerala
Author
Malappuram, First Published Dec 13, 2019, 7:12 PM IST

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്‌വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 17ാം തീയതിയാണ് ഹർത്താലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തത്.

എന്നാൽ 17 ന് പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ ആരാണ് ആഹ്വാനം ചെയ്തതെന്നറിയില്ലെന്ന് പറഞ്ഞ അദ്ദേഹം , പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ഇന്ത്യാ രാജ്യത്തോട് മുസ്ലിങ്ങൾ മോശമായി എന്താണ് ചെയ്തതെന്ന് കാന്തപുരം ചോദിച്ചു. മുസ്ലീങ്ങൾ സ്വാതന്ത്ര്യ സമര കാലത്ത് ചെയ്ത ത്യാഗം ചരിത്രത്തിൽ നിന്ന് മായ്ക്കാനാവുമോ? രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടു. പ്രതികൾ മുസ്ലീങ്ങളായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു. രാജ്യത്തിന്റെ കടമ നിർവ്വഹിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ. അല്ലാതെ നമ്മളെ ആരെങ്കിലും ജയിലിലടക്കും എന്ന് കരുതിയിട്ടില്ലെന്നും കാന്തപുരം വിശദീകരിച്ചു. 

ഒരു സ്ഥലത്തും നാം അക്രമം നടത്തില്ലെന്ന് പറഞ്ഞ കാന്തപുരം, അക്രമം നടത്താൻ പാടില്ലെന്നും പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും അദ്ദേഹം നൽകി. സുപ്രീംകോടതിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios