ദില്ലി: ഒമര്‍ അബ്‌ദുള്ളയുടേത് എന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ലോക്‌സഭാ സ്‌പീക്കറെ സമീപിക്കാനൊരുങ്ങി നാഷണല്‍ കോണ്‍ഫറന്‍സ്. പ്രധാനമന്ത്രി എന്തുകൊണ്ട് ഈ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് അറിയാനാണ് നാഷണല്‍ കോണ്‍ഫറന്‍സ് സ്‌പീക്കറെ സമീപിക്കുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

'ഒമര്‍ അബ്‌ദുള്ള ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല. അദേഹത്തിന്‍റെ എല്ലാ വാക്കുകളും പൊതുസമൂഹത്തിന് മുന്നില്‍ ലഭ്യമാണ്' എന്നും നാഷണല്‍ കോണ്‍ഫറന്‍സ് വക്‌താവ് ഇമ്രാന്‍ ദര്‍ എന്‍ഡിടിവിയോട് പറഞ്ഞു. 'പ്രധാനമന്ത്രിയുടെ പരാമര്‍ശം പാര്‍ലമെന്‍റ് രേഖകളിലുണ്ട്. ഒമര്‍ അബ്‌ദുള്ളയുടേത് എന്ന പേരില്‍ പറഞ്ഞ പരാമര്‍ശങ്ങളുടെ ഉറവിടം പ്രധാനമന്ത്രി വ്യക്തമാക്കണം എന്ന് സ്‌പീക്കറോട് ആവശ്യപ്പെടും. പരാമര്‍ശം തെറ്റാണ് എന്ന് തെളിഞ്ഞാല്‍ പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കംചെയ്യണം' എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹസ്‌നൈന്‍ മസൂദി ആവശ്യപ്പെട്ടു. 

കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഭൂകമ്പമുണ്ടാക്കുമെന്നും അത് കശ്‌മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം പറഞ്ഞത്. വാര്‍ത്താക്കുറിപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു അവകാശവാദം. എന്നാല്‍ പ്രധാനമന്ത്രി ഈ പ്രസ്‌താവന ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ നിന്നാണ് കടംകൊണ്ടതെന്ന് ബൂംലൈവ് അടക്കമുള്ള ഫാക്‌ട് ചെക്ക് വെബ്‌സൈറ്റുകളുടെ പരിശോധനകളില്‍ തെളിഞ്ഞിരുന്നു. 

Read more: ഒമര്‍ അബ്ദുള്ളയുടേതെന്ന വാദത്തോടെ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതം; തെളിവുകള്‍ ഇതാ

ആക്ഷേപഹാസ്യരീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന 'ഫേക്കിങ് ന്യൂസ്' എന്ന ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 2014 മെയ് 28ന് ഫേക്കിങ് ന്യൂസ് പേജില്‍ വന്ന ലേഖനത്തിന്‍റെ തലക്കെട്ടാണ് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പ്രസ്താവനയുണ്ടായത്. സംഭവത്തില്‍ പ്രധാനമന്ത്രിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.