ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ ഉയർച്ച. 24 മണിക്കൂ‍റിലെ പുതിയ രോഗബാധിതരുടെ എണ്ണം ഇതാദ്യമായി നാലായിരം കടന്നു. വീട്ടിൽ  കഴിയുന്നവരുടെ നിരീക്ഷണം പത്തു ദിവസം രോഗലക്ഷമൊന്നും ഇല്ലെങ്കിൽ പരിശോധനയില്ലാതെ അവസാനിപ്പിക്കാം എന്ന മാർഗ്ഗനിർദ്ദേളവും കേന്ദ്രം പുറത്തിറക്കി.

മഹാരാഷ്ട്ര തമിഴ്നാട് ഗുജറാത്ത്, ദില്ലി,  സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്നത്. ആകെ രോഗികളുടെ എണ്ണം 67,000 കടക്കുമ്പോൾ ഈ സംസ്ഥാനങ്ങളിൽ മാത്രമുള്ള രോഗികളുടെ എണ്ണം45000 ത്തിനടുത്താണ്., കൂടുതൽ പേർ മരിച്ചതും ഈ സംസ്ഥാനങ്ങളിൽ തന്നെ. രോഗം ഭേദമാകുന്നവരുടെ എണ്ണം 31.19 ശതമാനമായി. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ സർക്കാർ ആശുപത്രികൾക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കാനുള്ള നീക്കവും കേന്ദ്രം തുടങ്ങി. 

നേഴ്സിംഗ് ഹോമുകളും, സ്വകാര്യ ക്ളീനുക്കുകളും തുറക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ആരോഗ്യസ്ഥിതി ഗുരുതരമല്ലെങ്കിൽ കൊവിഡ് രോഗികളെ അധികനാൾ ആശുപത്രികളിൽ പാർപ്പിക്കേണ്ടതില്ലെന്ന  പുതിയ മാർഗ്ഗരേഖയും ഇതിൻ്റെ ഭാഗമാണ്. 

രോഗിയുടെ ശരീരത്തിൽ വൈറസിൻറെ സാന്നിധ്യം തുടർന്നാലും ഏഴ് ദിവസത്തിന് ശേഷം തീവ്രത കുറയുമെന്ന പഠനത്തെ തുടർന്നാണ് ആശുപത്രിയിൽ നിന്ന് വിട്ടയക്കുന്നതിലെ മാർഗ്ഗരേഖ കേന്ദ്രം പരിഷ്കരിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലക്ഷണം തുടങ്ങി 17 ദിവസത്തിൽ ഇതവസാനിക്കാനുള്ള വഴിയും പുതിർ മാർഗ്ഗരേഖ ഒരുക്കുന്നു.

അതേസമയം പ്രധാമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗം അവസാനിച്ചു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരാൻ യോ​ഗത്തിൽ ധാരണയായിട്ടുണ്ട്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നിലവിലെ ധാരണ. രാജ്യത്തെ കൊവിഡ് സോണുകൾ പുന‍ർ നി‍ർണയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാ‍ർ നിർദേശം നൽകി. ഈ മാസം 15-ന് മുൻപ് ഇതു സംബന്ധിച്ച റിപ്പോ‍ർട്ട് നൽകാനാണ് കേന്ദ്രനി‍ർദേശം. മെയ് 17-നാണ് ലോക്ക് ഡൗൺ അവസാനിക്കുന്നത്. 

രാജ്യത്ത് കൊവിഡ് ബാധയുടെ ഹോട്ട് സ്പോട്ടായ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം അതിവേഗം കാൽലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ന് പുറത്തു വന്ന കണക്ക് അനുസരിച്ച് ഇതുവരെ 23401 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1230 പുതിയ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ന് 36 പേർ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 868 ആയി. 

മുംബൈ നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 14000 കടന്നു. തിങ്കളാഴ്ച വൈകിട്ട് പുറത്തു വന്ന കണക്ക് അനുസരിച്ച് 14355 കൊവിഡ് കേസുകളാണ് മുംബൈയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇന്ന് 791 പേർക്ക് മഹാനഗരത്തിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 കൊവിഡ് രോഗികൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 528 ആയി. 

തമിഴ്നാട്ടിൽ ഇന്ന് 798 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് ആറ് കൊവിഡ് രോഗികൾ മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണങ്ങൾ 53 ആയി. കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരിയിൽ 65 കാരൻ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. ഒരാൾക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ചെന്നൈയിൽ മാത്രം ഇന്ന് 538 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചെന്നൈ നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4371 ആയി. രോഗബാധിതരിലേറെയും കോയമ്പേട് ക്ലസ്റ്ററിൽ ഉൾപ്പെട്ടവരാണ്. ചെന്നൈയിൽ ഇന്ന്  പത്ത് മാധ്യമ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  സ്വകാര്യ തമിഴ് വാർത്താ ചാനലിലെ ന്യൂസ് ഡെസ്ക്കിലെ മാധ്യമ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 53 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 347 പുതിയ കൊവിഡ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8542 ആയി. 2780 പേർ രോഗമുക്തി നേടിയപ്പോൾ 513 കൊവിഡ് രോഗികൾ മരണപ്പെട്ടു.  ഉത്തർപ്രദേശിൽ ഇന്ന് 109 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3573 ആയി. 1758 പേർ രോഗമുക്തി നേടിയപ്പോൾ 80 പേർ യുപിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. 

പശ്ചിമബംഗാളിൽ ഇന്ന് അഞ്ച് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 124 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2063 ആയി. തെലങ്കാനയിൽ ഇന്ന് 79 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പൊസീറ്റീവ് കേസുകളുടെ എണ്ണം 1275 ആയി. 801 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ മുപ്പത് പേർ മരണപ്പെട്ടു.  രാജസ്ഥാനിൽ ഇന്ന് 174 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3988 ആയി. 13 പേരാണ് ഇതുവരെ മരണപ്പെട്ടത്.