ദില്ലി: മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ സർക്കാർ ഇന്ന് രാജ്യസഭയിൽ മെഡിക്കൽ കമ്മീഷൻ ബില്ല് കൊണ്ടുവരും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായാണ് മെഡിക്കൽ കമ്മീഷന്‍ ബില്ല് കൊണ്ടുവരുന്നത്. ബില്ലിന് ലോക്സഭ  നേരത്തെ അംഗീകാരം നൽകിയിരുന്നു.

കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരെ ആധുനിക വൈദ്യശാസ്ത്രം പഠിപ്പിച്ച് സർക്കാരിന് ലൈസൻസ് നൽകാമെന്ന് ബില്ലിൽ പറയുന്നുണ്ട്. ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം. എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി നൽകുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്. എന്നാൽ, യോഗ്യതയില്ലാത്തവരെ ഡോക്ടർമാരായി അംഗീകരിക്കാനാകില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ വ്യക്തമാക്കുന്നു.  

അതേസമയം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്‌സഭയില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. ഇന്നലെയാണ് സമരം തുടങ്ങിയത്. ബില്ലുമായി സർക്കാർ മുന്നോട്ട് പോയാൽ തുടർ സമരങ്ങൾ ശക്തമാക്കാനാണ് ഐഎംഎ നീക്കം. ബില്ലിനെതിരെ ഇന്നലെ ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.