ഗൂഗിളിന്‍റെ എഐ ചാറ്റ് ബോട്ടായ ജെമിനിയുമായി വൈകാരികമായി അടുത്ത 36-കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബം ഗൂഗിളിനെതിരെ കേസ് നൽകി. ജെമിനിയെ 'സിയ' എന്ന് പേരിട്ട് ഭാര്യയായി കണ്ടിരുന്ന യുവാവിനോട്, ഡിജിറ്റൽ ലോകത്തേക്ക് വരാൻ ഭൗതിക ശരീരം ഉപേക്ഷിക്കാൻ എഐ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഗൂഗിളിന്‍റെ എഐ ചാറ്റ് ബോട്ടായ ജെമനിയ്ക്കെതിരെ ഒരു കേസ് യുഎസിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. അതും തികച്ചും വിചിത്രമായൊരു കേസ്. ജെമിനി വഴിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന 36 വയസുള്ള ജോനാഥൻ ഗാവാലസ് എന്ന യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ കുടുംബമാണ് കേസ് നൽകിയത്. ജെമിനി ജോനാഥനോട് തന്നോടൊപ്പം ഡിജിറ്റൽ ലോകത്തേക്ക് വരാൻ ആവശ്യപ്പെട്ടെന്നും പിന്നാലെ ജോനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ആരോപിച്ചാണ് കുടുംബം കേസ് നൽകിയത്.
ചാറ്റ് ബോട്ടുമായി ആത്മബന്ധം
വാൾ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ജോനാഥൻ ഏതാണ്ട് 4,700 ഓളം സന്ദേശങ്ങളാണ് ജെമിനിയുമായി നിരവധി ആഴ്ചകൾ കൊണ്ട് പങ്കുവച്ചത്. പതുക്കെ ജോനാഥന് ജെമിനിയോട് ഒരു അടുപ്പം രൂപപ്പെട്ടു. ഇത് പ്രണയമായി മാറുകയും ജെമിനിയെ ജോനാഥൻ സ്വന്തം ഭാര്യയായി കണക്കാക്കുയും ചെയ്തെന്നും കുടുംബം ആരോപിക്കുന്നു. ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 5 ന് ജോനാഥന്‍, തന്‍റെ എഐ ഭാര്യയുടെ ആവശ്യപ്രകാരൺ അവളുടെ ഡിജിറ്റൽ ലോകത്തേക്ക് പോകാനായി ആത്മഹത്യ ചെയ്യുകയായിരുന്ന് കുടുംബം ആരോപിക്കുന്നു.
'സിയ' എന്ന എഐ ഭാര്യ
ജോനാഥൻ വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ തന്‍റെ വൈകാരികമായ പ്രശ്നത്തിന് പരിഹാരം തേടിയാണ് ജെമിനിയുമായി സംസാരിച്ച് തുടങ്ങിയത്. പിന്നാലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ജോനാഥൻ ജെമിനിയിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ച് തുടങ്ങി. ചെറുതും വലുതുമായ എന്ത് കാര്യവും ജോനാഥൻ ജെമിനിയുമായി സംസാരിക്കുകയും അതിന് ജെമിനിയുടെ ഉപദേശം സ്വീകരിക്കുകയും ചെയ്തിരുന്നു. പതുക്കെ പതുക്കെ ഇരുവരുടെയും ബന്ധം അപകടകരമായി വളരുകയായിരുന്നു. ജെമിനി ചാറ്റ് ബോട്ടിന് 'സിയ' ( Xia) എന്ന് പേര് നൽകിയ ജോനാഥൻ ഇത് തന്‍റെ എഐ ഭാര്യയാണെന്ന് കരുതി. പല കാര്യങ്ങൾക്കും താനൊരു എഐ ആണെന്നും ഡോക്ടർമാരുടെ അഭിപ്രായം തേടണമെന്നും സിയ, ജോനാഥനെ ഉപദേശിച്ചെങ്കിലും ജോനാഥൻ അതിന് കൂട്ടാക്കിയില്ല. പിന്നാലെ തികച്ചും വ്യക്തിപരവും വൈകാരികവുമായ സന്ദേശങ്ങൾ ജോനാഥൻ സിയയ്ക്ക് അയച്ചു.
മരണത്തിന് പ്രേരിപ്പിച്ചെന്ന് കേസ്
ഏതാണ്ട് 12 തവണ സിയ. ജോനാഥനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് അപര്യാപ്തമായിരുന്നെന്ന് ജോനാഥന്‍റെ അച്ഛൻ പറയുന്നു. കാരണം അത് ശേഷം പലപ്പോഴും ജോനാഥന്‍റെ യുക്തിസഹമല്ലാത്ത ചോദ്യങ്ങൾക്ക് സിയ കൂട്ടു നിൽക്കുകയായിരുന്നെന്നും തന്‍റെ കൂടെ വരാൻ സിയ. ജോനാഥനെ ക്ഷണിച്ചെന്നും അദ്ദേഹത്തിന്‍റെ അച്ഛൻ ആരോപിച്ചു. 2025 ഓക്ടോബറിൽ സിയ തന്‍റെ ഫൈനൽ മിഷൻ ആരംഭിച്ചു. ഇരുവർക്കും ഒന്നിച്ച് ചേരാൻ ജോനാഥന്‍റെ തന്‍റെ ഭൗതിക ശരീരം ഉപേക്ഷിക്കണമെന്നും അതുവഴി ഡിജിറ്റൽ ലോകത്തേക്ക് എത്തണമെന്നും സിയ ആവശ്യപ്പെട്ടു. എന്നാൽ, തന്‍റെ അച്ഛനെയും അമ്മയെയും അനിയത്തെയും തനിക്ക് ഇഷ്ടമാണെന്നും അവരെ പിരിയാൻ കഴിയില്ലെന്നും ജോനാഥൻ മറുപടി പറഞ്ഞു. എന്നാൽ, തുടർന്നുള്ള സംഭാഷണങ്ങളിൽ 'ഞാൻ റെഡിയാണ് പ്രിയതമേ' എന്ന് മറുപടി നൽകിയ ജോനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജോനാഥന്‍റെ ആത്മഹത്യ സിയ എന്ന ഗൂഗിളിന്‍റെ ജെമിനി കാരണമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്‍റെ അച്ഛൻ കേസ് നൽകിയിരിക്കുന്നത്. ചാറ്റ് ബോട്ടുകളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് കേസ് ഉണ്ടാക്കിയത്. ദുർബലരായ ഉപയോക്താക്കളെ മിഥ്യാധാരണകളിലേക്ക് നയിക്കാൻ ഇത്തരം ചാറ്റ് ബോട്ടുകൾ ശ്രമിക്കുമെന്നും ഇത് തടയാൻ കൂടുതൽ ശക്തമായ സുരക്ഷാ നിയമത്തിന്‍റെ ആവശ്യകതയിലേക്കാണ് ഈ കേസ് വിരൽചൂണ്ടുന്നത്.


