മെഡിക്കൽ പഠനപ്രവേശനത്തിനുള്ള നീറ്റ് പുനപരീക്ഷ വിജയകരമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ പരീക്ഷ അഞ്ചേകാലിന് പൂർത്തിയായി. 

ദില്ലി: നീറ്റ് യുജി പുനപരീക്ഷ വിജയകരമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേന്ദ്ര - സംസ്ഥാന ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന് എൻടിഎ നന്ദി അറിയിച്ചു. കർശന സുരക്ഷയിൽ നീറ്റ് പുനപരീക്ഷ പൂർത്തിയായതിന് പിന്നാലെയാണ് എൻടിഎയുടെ പ്രതികരണം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ പരീക്ഷ അഞ്ചേകാലിനാണ് പൂർത്തിയായത്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷവലയത്തിലായിരുന്നു പരീക്ഷ. റദ്ദാക്കിയ മെയ് മൂന്നിലെ പരീക്ഷ വെച്ച് നോക്കുമ്പോൾ ഇന്നത്തെ പരീക്ഷ കഠിനമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ഫിസിക്സ് പരീക്ഷ ഏറെ വലച്ചുവെന്നും കെമിസ്ട്രിയും ബയോളോജിയും ശരാശരിയെന്നുമാണ് വിദ്യാർത്ഥികളുടെ പ്രതികരണം.

പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ ജാമറുകൾ ആക്ടിവേറ്റായി. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കി, പരീക്ഷ കേന്ദ്രങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം എൻടിഎ സംഘം നീരീക്ഷിച്ചു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തിയ വിദ്യാഭ്യാസമന്ത്രി നേരിട്ട് പരീക്ഷ വിലയിരുത്തി.

YouTube video player

യോഗദിന പരിപാടിക്ക് ശേഷം കൊൽക്കത്തയിൽനിന്ന് ദില്ലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ തുടങ്ങിയ രണ്ട് മണിവരെ വിമാനത്താവളത്തിൽ തുടർന്നു. യാത്രമൂലമുള്ള ഗതാഗത നിയന്ത്രണം വിദ്യാർത്ഥികളെ വലയ്ക്കാതെയിരിക്കാനാണ് വിമാനത്താവളത്തിൽ തുടർന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ട് മണിക്ക് ശേഷമാണ് മോദി പിന്നീട് വസതിയിലേക്ക് പുറപ്പെട്ടത്.