മുംബൈ: വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിനെ ഭീഷണിപ്പെടുത്തിയ ശിവസേനാ എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. മുംബൈ നഗരം പാക് അധീന കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു പ്രതാപ് സര്‍ നായിക്കിന്റെ ഭീഷണി. മുംബൈയിലെത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. കങ്കണയ്ക്ക് മുംബൈയില്‍ കഴിയാന്‍ അവകാശമില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് നടി മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കങ്കണക്കെതിരെ രംഗത്തെത്തി. ചിലര്‍ കങ്കണയെ അനുകൂലിക്കികയും ചെയ്തു. മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ച കങ്കണക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. കൊവിഡ് കാലത്ത് നമ്മുടെ പൊലീസ് എന്തെല്ലാ ത്യജിക്കുന്നു എന്ന് നാം കണ്ടതാണ്. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. പൊലീസിനെ അപമാനിക്കാന്‍ കങ്കണക്ക് അവകാശമില്ല. മുംബൈയും മഹാരാഷ്ട്രയുമെല്ലാം പൊലീസിന്റെ കൈയില്‍ സുരക്ഷിതമാണ്. ആര്‍ക്കെങ്കിലും സുരക്ഷയില്ലെന്ന് തോന്നിയാല്‍ അവര്‍ക്ക് ഇവിടെ താമസിക്കാന്‍ അര്‍ഹതയില്ല- ദേശ്മുഖ് പറഞ്ഞു.