ചണ്ഡിഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ബിജെപിയില്‍ ചേരില്ലെന്ന് ഭാര്യ നവജ്യോത് കൗര്‍. നേരത്തെ, കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി നവജ്യോത് കൗര്‍ അറിയിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ച നവജ്യോത് സിംഗ് സിദ്ദു ഇതോടെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങി.

ഇതോടെയാണ് പ്രതികരണവുമായി നവജ്യോത് കൗര്‍ രംഗത്ത് വന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്നും പൊതു പ്രവര്‍ത്തകയായി തുടരുമെന്നും നവജ്യോത് കൗര്‍ പറഞ്ഞു. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച നവജ്യോത് സിംഗ് സിദ്ദു തിരികെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നതും അഭ്യൂഹങ്ങളാണെന്ന് നവജ്യോത് കൗര്‍ വ്യക്തമാക്കി.

അദ്ദേഹം എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് കൗറിന് സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. നവജ്യോത് കൗറിന് ചണ്ഡീഗഡ് സീറ്റ് കൊടുക്കാതിരുന്നത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് കൗര്‍ ആരോപിച്ചിരുന്നു.

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കൗര്‍ നേരത്തെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആര്‍ക്കും സീറ്റ് നിഷേധിച്ചിട്ടില്ലെന്നായിരുന്നു അമരീന്ദര്‍ സിംഗിന്‍റെ പ്രതികരണം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജൂലൈയിലാണ് നവജ്യോത് സിംഗ് സിദ്ദു മന്ത്രി സ്ഥാനം രാജിവെച്ചത്.