Asianet News MalayalamAsianet News Malayalam

സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക്, 'ക്യാപ്റ്റൻ' ഹാപ്പിയല്ല, തുടക്കത്തിലേ പാളി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നവ്ജോത് സിംഗ് സിദ്ദുവാണ് പിസിസി അധ്യക്ഷനെങ്കിൽ താൻ മത്സരിക്കാനേയില്ലെന്ന കടുത്ത നിലപാടെടുത്തു മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗെന്നാണ് റിപ്പോർട്ടുകൾ. 

navjot singh sidhu likely to be punjab pcc chief captain amarinder singh unhappy
Author
Chandigarh, First Published Jul 16, 2021, 7:45 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി/ ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. നവ്ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങവേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കടുത്ത എതിർപ്പുമായി രംഗത്തെത്തി. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തിൽ നിന്ന് വേണ്ടെന്ന് അമരീന്ദർ സിംഗ് പറയുന്നു. താനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. ഇത് സമുദായ സമവാക്യങ്ങളെ തകിടം മറിക്കുമെന്നും അമരീന്ദർ സിംഗ് പറയുന്നു. ഒരു സമവായ ഫോർമുലയിലെത്തിയെന്ന ആശ്വാസത്തിലിരുന്ന ഹൈക്കമാൻഡിനോട് അമരീന്ദർ സിംഗ് എതിർപ്പറിയിച്ചതോടെ പാർട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിട്ടുണ്ട്.  

രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഭിന്നത ഒഴിവാക്കാൻ സിദ്ദുവിനെ അധ്യക്ഷനാക്കുന്നതിനൊപ്പം, രണ്ട് വർക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കുകയെന്നതാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വച്ച ഫോർമുല. ഇതിൽ ഒരാൾ ഹിന്ദു വിഭാഗത്തിൽ നിന്നും മറ്റൊരാൾ ദളിത് വിഭാഗത്തിൽ നിന്നുമായിരിക്കണം. അങ്ങനെ സമുദായസമവാക്യങ്ങൾ തുല്യമാക്കുകയെന്ന ഫോർമുലയിൽ ഉടനൊന്നും തീരുമാനമാകില്ലെന്ന സൂചനയാണ് അമരീന്ദർ സിംഗിന്‍റെ ഉടക്കിലൂടെ വ്യക്തമാകുന്നത്. 

നവ്ജോത് സിംഗ് സിദ്ദുവും ക്യാപ്റ്റൻ അമരീന്ദർ സിംഗും തമ്മിൽ മുമ്പും നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഇപ്പോൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നവ്ജോത് സിംഗ് സിദ്ദുവാണ് പിസിസി അധ്യക്ഷനെങ്കിൽ താൻ മത്സരിക്കാനേയില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗെന്നാണ് റിപ്പോർട്ടുകൾ. 

സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള പ്രസ്താവന വരെ തയ്യാറാക്കി വച്ച ശേഷമാണ് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഹരീഷ് റാവത്ത് ഇതിൽ നിന്ന് പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ. അമരീന്ദർ സിംഗിന്‍റെ എതിർപ്പിനെത്തുടർന്ന്, രാത്രി ഏഴരയോടെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയ ഹരീഷ് റാവത്ത്, ഇനിയെന്ത് വേണമെന്ന കാര്യത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഒരു സമവായമുണ്ടാക്കാനായില്ല. 

ആദ്യം സിദ്ദു പിസിസി അധ്യക്ഷനാകുമെന്ന് പറഞ്ഞ ഹരീഷ് റാവത്ത് പിന്നീട് പ്രസ്താവന പിൻവലിക്കുകയും ചെയ്തു. ''എന്നോട് പിസിസി അധ്യക്ഷനായി സിദ്ദു വരുമോ എന്ന് ചോദിച്ചപ്പോൾ എന്ത് തീരുമാനവും വരാമെന്നാണ് ഞാൻ പറഞ്ഞത്. ബാക്കി മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്'', എന്ന് പിന്നീട് ഹരീഷ് റാവത്ത് സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 

വെള്ളിയാഴ്ച ചണ്ഡീഗഢിലേക്ക് പോയി നേരിട്ട് ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് ഹരീഷ് റാവത്ത്. അതേസമയം, അമരീന്ദർ സിംഗ് രാജി വയ്ക്കുമെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്‍റെ മാധ്യമഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പും, ക്യാപ്റ്റൻ തന്നെയാണ് നയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ നിർത്തണമെന്നും ഉപദേഷ്ടാവ് രവീൻ തുക്രാലിന്‍റെ ട്വീറ്റ്. 

പിസിസി അധ്യക്ഷനായി സിദ്ദു വന്നാൽ അത് പഞ്ചാബ് കോൺഗ്രസിന്‍റെ പതനമായിരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സമവായ ഫോർമുല തുടക്കത്തിലേ പാളിയ സാഹചര്യത്തിൽ സിദ്ദുവിന്‍റെയും ക്യാപ്റ്റന്‍റെയും ക്യാമ്പുകൾ ചണ്ഡീഗഢിൽ യോഗം ചേർന്നിരുന്നു. രണ്ട് പക്ഷവും ഒരു തരത്തിലും ഉടനെയൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇനിയെന്താകും പഞ്ചാബ് കോൺഗ്രസിൽ സംഭവിക്കുക എന്ന് കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios