സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും സിദ്ദുവിന്‍റെ ട്വീറ്റ്
ദില്ലി: ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്‍സിങ് സിദ്ദു. ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സിദ്ദുവിന്‍റെ പരിഹാസം.
300 തീവ്രവാദികള്‍ കൊല്ലപ്പെട്ടോ ഇല്ലയോ എന്ന ചോദിച്ച സിദ്ദു പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്‍റെ ലക്ഷ്യമെന്തൊണ് എന്നും ആഞ്ഞടിച്ചു. ബാലാകോട്ട് ആക്രമണം തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോ? തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ ആക്രമണത്തിലൂടെ പിഴുതെറിഞ്ഞത്? സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും സിദ്ദുവിന്‍റെ ട്വീറ്റിലുണ്ട്.
പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.
