വിലാസം രേഖപ്പെടുത്താത്ത ഭീഷണി കത്ത് അടങ്ങിയ കവര്‍ അമിത് ജനിയുടെ നോയിഡയിലെ വസതിയിലെത്തിയ ഒരു സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. 

ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവ് അമിത് ജനിക്ക് വധഭീഷണി. അമിത് ജനിയുടെ നോയിഡയിലെ വസതിയില്‍ എത്തിയ ഒരു സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യില്‍ ഭീഷണിക്കത്ത് അടങ്ങിയ കവര്‍ ഏല്‍പ്പിക്കുകയായിരുന്നു. 

വിലാസം രേഖപ്പെടുത്താത്ത കത്തില്‍ കമലേഷ് തിവാരിക്ക് ശേഷം താനാണെന്നുള്ള ഭീഷണി ഉണ്ടായിരുന്നതായി അമിത് ജനി പറഞ്ഞു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അമിത് ജനി പൊലീസില്‍ വിവരമറിയിച്ചു. നോയിഡ സെക്ടര്‍ 20 ലെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ലഖ്‌നൗവിലെ ഓഫീസില്‍ വച്ചായിരുന്നു 45 വയസുള്ള കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത്. പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തോടൊണ് നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ ഉത്തർപ്രദേശിലെ ബിജ്‍നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയതെന്നും ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിർണായകമായെന്നും പൊലീസ് വ്യക്തമാക്കി. 

മൗലാന മൊഹ്‍സിൻ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാൻ (23), ഫൈസാൻ (21) എന്നിവരെയാണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞാണ് മിഠായിപ്പൊതി വാങ്ങിയത്. ഇത് വാങ്ങിയത് ഫൈസാനാണ്. മുഹമ്മദ് മുഫ്‍തി നയീം, അൻവറുൾ ഹഖ് എന്നിവരാണ് ബിജ്‍നോറിൽ നിന്ന് അറസ്റ്റിലായ മതപുരോഹിതർ.