തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ, അദ്ദേഹത്തിന് വിശ്വസ്തനായി ഒരു മലയാളി കാവലുണ്ട് - നയീം മൂസ. ദുബായിൽ സെക്യൂരിറ്റി ഏജൻസി നടത്തുന്ന മാഹിക്കാരനായ നയീം, വിജയുടെ ബോഡിഗാർഡ് എന്നതിലുപരി അടുത്ത സുഹൃത്തും രാഷ്ട്രീയ യാത്രയിലെ സ്ഥിരസാന്നിധ്യവുമാണ്.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ പുതുചരിത്രം കുറിച്ച് സൂപ്പർ താരം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയാണ് ഭരണത്തിലേക്കെത്തിയത്. തമിഴക രാഷ്ട്രീയത്തിലേക്ക് വിസിലടിച്ച് കയറിയ വിജയ് ഇന്ന് മുതലമൈച്ചറായി ചരിത്രം തിരുത്തുമ്പോള്‍ വിജയ്ക്ക് കാവലായി ഒരു മലയാളിയുമുണ്ട്. വിജയുടെ ഓരോ ചുവടിലും സുരക്ഷ ഉറപ്പാക്കി കൊണ്ട് പിന്നിലുള്ള മാഹിക്കാരൻ നയീം മൂസ. ഒരു ബോഡിഗാ‍ഡിന് അപ്പുറത്തേക്ക് വിജയിയുടെ വിശ്വസ്തനും അടുത്ത സുഹൃത്തും കൂടിയാണ് നയീം മൂസ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബായ് എന്ന കർമ്മമേഖല

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്‍റർ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തുകയാണ് നയീം. മാഹിയിലാണ് നയീം ജനിച്ചത്. ചെറുപ്പം മുതൽ കായികരംഗത്തുള്ള ഇദ്ദേഹം ജോലി അന്വേഷിച്ചാണ് ദുബായിലെത്തിയത്. പിന്നീട് ബോഡി ബിൽഡറായി മാറുകയും ബോളിവുഡ് താരങ്ങളുടെയടക്കം വിശ്വസ്തനായ ബോഡിഗാർഡാകുകയുമായിരുന്നു. ഒരു സുഹൃത്തിന്‍റെ ആവശ്യപ്രകാരം ഏറ്റെടുത്ത ചെറിയൊരു സെക്യൂരിറ്റി അസൈന്‍മെന്‍റാണ് നയീമിന്‍റെ ജീവിതം മാറ്റി മറിച്ചത്. സുരക്ഷാ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി അദ്ദേഹം പുതിയ സ്ഥാപനം തുടങ്ങുകയായിരുന്നു.

സെലിബ്രിറ്റകളുടെ വിശ്വസ്തൻ

കഠിനാധ്വാനവും സ്ഥിരതയും കൈമുതലാക്കിയ നയീമിന്‍റെ സ്ഥാപനം ഇന്ന് ഗൾഫ് മേഖലയിലെ ഏറ്റവും വിശ്വസനീയമായ സുരക്ഷാ ഏജന്‍സികളിലൊന്നാണ്. സെലിബ്രിറ്റികൾ ദുബായിലെത്തുമ്പോള്‍ അവര്‍ക്ക് സുരക്ഷയൊരുക്കുന്നത് നയീമാണ്. പോപ്പ് താരം ജസ്റ്റിൻ ബീബർ ദുബായിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയത് നയീമിന്‍റെ ഏജന്‍സിയായിരുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, അനുഷ്‌ക ശർമ, കരീന കപൂർ, സൂര്യ, കാർത്തി, കീർത്തി സുരേഷ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർക്കെല്ലാം ദുബായ് സന്ദർശിക്കുമ്പോൾ നയീം സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഏഷ്യ കപ്പ് ട്വന്‍റി20 പോലെയുള്ള വൻ കായിക ടൂർണമെന്‍റുകളുടെ സുരക്ഷാ ചുമതലയും യുഎഇ സർക്കാർ ഔദ്യോഗികമായി ഏൽപ്പിച്ചത് ഇദ്ദേഹത്തിന്‍റെ ഏജൻസിയെയായിരുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇന്ന് അദ്ദേഹത്തിന്‍റെ ബിസിനസ് വളർന്നു. ചെന്നൈയിലടക്കം ഓഫീസുകളുമുണ്ട്. ഗോവയിൽ നടന്ന കീർത്തി സുരേഷിന്‍റെ വിവാഹത്തിന് വിജയ് എത്തിയപ്പോഴും സുരക്ഷ ഒരുക്കിയത് നയീം ആയിരുന്നു.

വിജയിക്കൊപ്പം

വിജയ് സിനിമകളില്‍ അഭിനയിച്ചിരുന്ന സമയത്ത് ഗൾഫ് ഷോകളിലും ഷൂട്ടിങ്ങുകളിലും നയീം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ അദ്ദേഹത്തിനൊപ്പം സ്ഥിരസാന്നിധ്യമായി നയീം മാറി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നയീം വിജയിയ്ക്ക് കാവലായി കൂടെ നിന്നു. വിജയ് ചെല്ലുന്നിടത്തെല്ലാം മനുഷ്യക്കടൽ ആർത്തിരമ്പിയെത്തുമ്പോള്‍ ഒരു പോറൽ പോലും ഏൽക്കാതെ വിജയ്ക്ക് സുരക്ഷ ഒരുക്കുന്ന നയീമിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

വിജയിയുടെ വിശ്വസ്തനായ സുഹൃത്ത് കൂടിയാണ് നയീം മൂസ. തന്‍റെ ക്ലയന്‍റ്സിന്‍റെ സ്വകാര്യതയ്ക്ക് വില നൽകുന്ന നയീം മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാറുണ്ട്. കേരളത്തില്‍ നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരെ തമിഴ്നാട്ടിലെ രാഷ്ട്രീയ റാലികളിൽ എത്തിച്ച് സുരക്ഷ ഒരുക്കാറുണ്ട് നയീം. തമിഴ്‌നാട് സർക്കാരും കേന്ദ്രവും വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും നയീമിന്റെ സുരക്ഷയിൽ വിജയ് തികഞ്ഞ വിശ്വാസമർപ്പിക്കുകയാണ്.

View post on Instagram