ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയാണ് അറസ്റ്റിലായത്. ഇയാൾ മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തിൽ പങ്കാളിയായെന്നാണ് എന്‍സിബിയുടെ കണ്ടെത്തൽ. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്ന് കണ്ടതായി സുഹാസ് മൊഴി നൽകിയെന്നാണ് ഇഡിയുടെ റിപ്പോർട്ട്.

അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്  ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മയക്കുമരുന്ന് കേസിൽ എന്‍സിബി ബിനീഷിനെ പ്രതിചേർത്തിട്ടില്ലെന്നാണ് വിവരം. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ലത്തീഫ് ഇന്ന് രാവിലെയാണ് ബെംഗളൂരു ഇഡി ഓഫീസിൽ ഹാജരായത്.