Asianet News MalayalamAsianet News Malayalam

'എൻസിബി ഉദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വില രണ്ട് ലക്ഷം', സമീർ വാങ്കഡെയ്ക്കെതിരെ വീണ്ടും നവാബ് മാലിക്ക്

വാങ്കഡെ ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വിലലവരുന്നതാണ്. ഷ‍ർട്ടുകളുടെ വില 50000 ന് മുകളിലാണ്. ടി ഷ‍ർട്ടുകൾക്ക് 30000 രൂപയോളം വിലയുണ്ടെന്നും വാച്ചുകൾ 20 ലക്ഷം രൂപ വിലവരുന്നതാണെന്നും മാലിക്ക് ആരോപിച്ചു

NCB official's shoes worth Rs 2 lakh', Nawab Malik again against Sameer Wankhade
Author
Mumbai, First Published Nov 2, 2021, 6:24 PM IST

മുംബൈ: ഷാരൂഖ് ഖാൻ്റെ (Shah Rukh Khan) മകൻ ആര്യൻ ഖാനെ (Aryan Khan) മയക്കുമരുന്ന് കേസിൽ (Narcotics Case) അറസ്റ്റ് ചെയ്തതിന് പിന്നാലെ എൻസിബി (NCB) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ (Sameer Wankhade) കുറിച്ചുള്ള വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സമീ‍ർ വാങ്കഡെയുടെ ആഢംബര ജീവിതത്തെക്കുറിച്ച് ആരോപണവുമായെത്തിയിരിക്കുകയാണ് എൻസിപി നേതാവും മഹാരാഷ്ട്രാ മന്ത്രിയുമായ നവാബ് മാലിക്ക് (Nawab Malik). 

വാങ്കഡെ ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വിലലവരുന്നതാണ്. ഷ‍ർട്ടുകളുടെ വില 50000 ന് മുകളിലാണ്. ടി ഷ‍ർട്ടുകൾക്ക് 30000 രൂപയോളം വിലയുണ്ടെന്നും വാച്ചുകൾ 20 ലക്ഷം രൂപ വിലവരുന്നതാണെന്നും മാലിക്ക് ആരോപിച്ചു. സത്യസന്ധനായ ഒരു ഉദ്യോ​ഗസ്ഥന് എങ്ങനെയാണ് ഇത്രയും വില വരുന്ന വസ്ത്രങ്ങൾ ധരിക്കാനാവുക? ആളുകളെ കേസിൽ കുടുക്കി അയാൾ കോടികൾ തട്ടി.  - നവാബ് മാലിക്ക് ആരോപിച്ചു.

സമീർ വാങ്കഡെ പദവി ദുരുപയോ​ഗം ചെയ്ത് പലരിൽ നിന്നായി കൈക്കൂലി വാങ്ങിയതായും ആര്യൻ ഖാനെ മനപ്പൂർവ്വമായി പ്രതിചേ‍ർത്തത് ഷാരൂഖിൽ നിന്ന് പണം തട്ടാനാണെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ സമീർ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. അതേസമയം ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചു.

സമീർ വാങ്കഡെയെ ചോദ്യം ചെയ്ത് എൻസിപി വിജിലൻസ് വിഭാഗം

ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ വിജിലൻസ് ചോദ്യം ചെയ്തു. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ  കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. 

ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്  വന്നിട്ടുണ്ട്. എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടിയത്. 

സമീർ വാങ്കഡെയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക്ക്

സമീറിനൊപ്പം രണ്ട് വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എഴുതിയതെന്ന് അവകാശപ്പെടുന്ന ഒരു കത്ത് എൻസിപി മന്ത്രി നവാബ് മാലിക് പുറത്ത് വിട്ടിരുന്നു. ലഹരി ഇടപാടുകാരുമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസിലും സമീർ വാങ്കഡെ തൊണ്ടിമുതലാക്കുന്നെന്ന് കത്തിൽ ആരോപിക്കുന്നു. ആര്യൻ ഖാന്‍റേതടക്കം ഇത്തരം കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്. ദീപികാ പദുകോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടിയെന്നും കത്തിൽ ആരോപിക്കുന്നു.

സമീർ വാങ്കഡെ ജാതി സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം

വാങ്കഡെ മുസ്ലീമാണെന്നും എന്നാൽ ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയർത്തുന്ന ആരോപണം. സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. 

വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. രേഖയിൽ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ''സമീർ വാങ്കഡെയുടെ മതം പുറത്തുകൊണ്ടുവരലല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ തട്ടിപ്പാണ് വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐആർഎസ് ജോലി കിട്ടാൻ ഷെഡ്യൂൾ കാസ്റ്റ് എന്ന് കാണിച്ച് സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി'' - എന്നും മാലിക്ക് ട്വീറ്റ് ചെയ്തു. 

'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം' 

കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.  പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ  ആരോപിച്ചത്. 

ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു  സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ  എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. 

കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും  എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ  വെളിപ്പെടുത്തൽ.  അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം  ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ  വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. 

ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി; മോചനം അറസ്റ്റിലായി 22 ദിവസത്തിനു ശേഷം

22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഒക്ടോബർ 30ന് രാവിലെ 11 മണിയോടെ ആര്യൻ ഖാൻ ജയിൽ മോചിതനായത്. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തി, അവിടെ നിന്ന് ആര്യൻ ഖാനെ മന്നത്തിലേക്ക് കൊണ്ടുപോയി. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നു. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ  14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.

Read More: ആര്യന്‍ ഖാന്‍റെ ജയില്‍ മോചനം ആഘോഷമാക്കിയ ആരാധകരുടെ പോക്കറ്റടിച്ച് കള്ളന്മാര്‍

Follow Us:
Download App:
  • android
  • ios