സിന്ധുനദീതട സംസ്കാരത്തിലെ 'ഡാൻസിംഗ് ഗേൾ' ശില്പത്തിന്‍റെ ചിത്രം പാഠപുസ്തകത്തിൽ വികലമാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് എൻസിഇആർടി തിരുത്തൽ നടപടി സ്വീകരിച്ചു. ഒൻപതാം ക്ലാസിലെ പുസ്തകത്തിൽ ശില്പത്തിന് 'വസ്ത്രം ധരിപ്പിച്ച' ചിത്രം നൽകിയത് വലിയ വിവാദമായതോടെ, യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്‍റെ ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പുകളിലൊന്നായ ഡാൻസിംഗ് ഗേൾ ശില്പത്തിന്‍റെ ചിത്രം പാഠപുസ്തകത്തിൽ വികലമാക്കിയതിനെതിരെയുള്ള കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം മാറ്റി, ശില്പത്തിന്‍റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഡയറക്ടർ ദിനേഷ് സക്ലാനി വ്യക്തമാക്കി. ചരിത്രരേഖകളെ വക്രീകരിക്കുന്നു എന്ന പേരിൽ വലിയ തോതിലുള്ള വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണ് അധികൃതരുടെ ഈ അടിയന്തര നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ 'മധുരിമ'യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കലത്തിൽ തീർത്ത ഈ ചരിത്ര ശില്പത്തിന് 'വസ്ത്രം ധരിപ്പിച്ച' രീതിയിലുള്ള ചിത്രം നൽകിയിരുന്നത്. ശില്പത്തിന്‍റെ നഗ്നമായ മുകൾഭാഗം കറുത്ത ഷേഡിംഗുകൾ നൽകി മറയ്ക്കുകയും, ഇതിലൂടെ ചരിത്രപ്രധാനമായ പല ശാരീരിക രൂപഭംഗികളും വികലമാക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ ചരിത്രകാരന്മാരും അധ്യാപകരും രംഗത്തെത്തി. എന്നാൽ ഇതേ എൻസിഇആർടിയുടെ ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ ഈ ശില്പം അതിന്‍റെ യഥാർത്ഥ രൂപത്തിലാണ് നൽകിയിട്ടുള്ളത് എന്നത് പൊരുത്തക്കേടുകളുടെ ആഴം കൂട്ടി. ആറാം ക്ലാസിലെ പാഠപുസ്തക സമിതി അധ്യക്ഷൻ മിഷേൽ ഡാനിനോ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ആറാം ക്ലാസിലെ കുട്ടികൾക്ക് ഈ നഗ്നശില്പത്തിന്‍റെ ചിത്രം അനുയോജ്യമല്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധമാണ് അധികൃതർ മുന്നോട്ടുവെച്ചതെന്നും, എന്നാൽ അധ്യാപകരോട് ചോദിച്ചപ്പോൾ ആർക്കും ഇതിൽ ഒരു പ്രശ്നവും തോന്നിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചരിത്രപരമായ ഒരു കലാരൂപത്തെ വക്രീകരിക്കുന്നത് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ 'ഡേവിഡ്' പ്രതിമയിൽ പണ്ട് സഭ ഇലകൾ വെച്ച് മറച്ചതിന് തുല്യമായ അസംബന്ധമാണെന്ന് മിഷേൽ ഡാനിനോ കുറ്റപ്പെടുത്തി. ചരിത്രരേഖകളിൽ കൃത്രിമം കാണിക്കുന്നത് വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബിസി 2600-ൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ വെങ്കല ശില്പം പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ ഇടങ്ങളിൽ നിലവിലുള്ള 'ലോസ്റ്റ് വാക്സ്' ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു കൈ ഇടുപ്പിൽ കുത്തി, തല അല്പം ഉയർത്തി നിൽക്കുന്ന ഈ നർത്തകിയുടെ ചിത്രം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അടയാളമാണ്. ചരിത്രത്തെ സദാചാര കണ്ണടയിലൂടെ കണ്ട് മാറ്റിയെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന അമർഷമാണ് ഇപ്പോൾ എൻസിഇആർടിയെക്കൊണ്ട് തീരുമാനം മാറ്റിച്ചിരിക്കുന്നത്.