ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.

ദില്ലി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി. രാമക്ഷേത്രം നിർമ്മിച്ചത് പകരം പുസ്തകങ്ങളില്‍ ഉൾപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇറങ്ങാനിരിക്കുന്ന പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയൻസ് പുസ്തകത്തിലാണ് പരിഷ്കാരം.

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെയാണ് പാഠപുസ്തകത്തിലെ എൻസിഇആ‍ർടി മാറ്റം. 2024-25 അധ്യയന വർഷത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയൻസി‍ന്‍റെ പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയമെന്ന എട്ടാം അധ്യായത്തിലാണ് ബാബ്റി മസ്ജിദ് തകർത്തത് ഉണ്ടായിരുന്നത്. 1986 ല്‍ പൂട്ട് തുറന്നതും അയോധ്യയിലെ സംഘർഷവുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ രാമജന്മഭൂമിക്ക് മേലുണ്ടായിരുന്ന വർഷങ്ങള്‍ നീണ്ട നിയമപ്രശ്നവും തർക്കവും രാഷ്ട്രീയത്തെ സ്വാധീനിച്ചുവെന്നും അത് മാറ്റങ്ങള്‍ക്ക് കാരണമായെന്നും പുതിയ പാഠഭാഗത്തില്‍ പറയുന്നു. 

മതേതരത്വത്തെയും ജനാധിപത്യത്തെ കുറിച്ചുള്ള ചർച്ചകളുടെ ദിശയെ തന്നെ അത് മാറ്റി മറിച്ചു. തുടര്‍ന്ന് സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം നിർമിക്കാൻ കാരണമായെന്നുമാണ് പുതിയ പാഠഭാഗത്തില്‍ പരാമർശിച്ചിരിക്കുന്നത്. അധ്യായത്തിന്‍റെ തുടക്കത്തിലും അവസാനത്തിലുമുള്ള മൂന്ന് ഭാഗത്ത് നിന്ന് ബാബ്റി മസ്ജിദിനെ കുറിച്ചുള്ള പരാമർശം എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട്. 2014ന് ശേഷം പാഠപുസ്തകങ്ങളില്‍ എൻസിഇആർടി വരുത്തുന്ന നാലാമത്തെ മാറ്റമാണ് ഇത്. പുതിയ മാറ്റം കുട്ടികളുടെ പഠന ഭാരം കുറക്കാനുള്ള നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്