മുംബൈ: മഹാരാഷ്ട്രയിൽ നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി  സഖ്യത്തിലെ ഭിന്നത തീരുന്നില്ല. സ്പീക്കർ സ്ഥാനത്തെ ചൊല്ലി എൻസിപിയും കോൺഗ്രസും തമ്മില്‍  തർക്കം തുടരുകയാണ്. അതിനിടെ, അജിത് പവാറിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ദേവേന്ദ്ര ഫഡ്‍നാവിസിനെതിരായ അമര്‍ഷം ബിജെപിയില്‍ മറനീക്കി പുറത്തുവന്നു. 

എല്ലാത്തിലും ധാരണയായില്ല. സ്പീക്കറുടെ കാര്യത്തിലും തീരുമാനം പിന്നീട്. മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹെബ് തൊറാട്ടിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയാകുമ്പോഴും മന്ത്രിസ്ഥാനമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണയായിട്ടില്ലെന്നാണ് സൂചന. കോൺഗ്രസിന് 13 മന്ത്രിമാരെ നല്കാനാണ് സഖ്യധാരണ. എന്നാൽ സ്പീക്കർ സ്ഥാനം കൂടി കോൺഗ്രസ് ആവശ്യപ്പെടുന്നു. പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കാനാണ് കോൺഗ്രസിന് താല്പര്യം. എൻസിപിക്കും ശിവസേനയ്ക്കും പതിനഞ്ച് മന്ത്രമാർ വീതം എന്നതായിരുന്നു മുൻ ധാരണയെങ്കിലും ഇതിൽ ചെറിയ മാറ്റത്തിനു സാധ്യതയുണ്ടെന്നും നേതാക്കൾ പറയുന്നു.

Read Also: മഹാരാഷ്ട്രയിൽ കോൺഗ്രസിന് 13 മന്ത്രിസ്ഥാനം; സ്‌പീക്കർ പദവിയും ആവശ്യപ്പെട്ടു; ത്രികക്ഷി സഖ്യത്തിൽ ചർച്ച

അഴിമതിക്കാരന്റെ പിന്തുണ സ്വീകരിച്ചത് ശരിയല്ലെന്നാരോപിച്ചാണ് ദേവേന്ദ്ര ഫഡ്‍നാവിസിനെതിരെ ബിജെപി എംഎൽഎ ഏക്നാഥ് ഖഡ്സെ രംഗത്തെത്തിയത്.  സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലടക്കം ഫഡ്‍നാവിസ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അഞ്ചുവര്‍ഷം തികച്ച് സംസ്ഥാനം ഭരിച്ച ബിജെപി മുഖ്യമന്ത്രിയെന്ന നിലയില്‍ ഫഡ്‍നാവിസിന് പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ അദ്ദേഹത്തിനെതിരെ പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്തെത്താന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍, അജിത് പവാറിനെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനുള്ള ശ്രമം പാളിയതോടെ ഫഡ്‍നാവിസിനെതിരായ കടന്നാക്രമണത്തിന് എതിര്‍പാളയം തയ്യാറായി എന്നാണ് ലഭിക്കുന്ന സൂചന. 

ഇതിനിടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം ശനിയാഴ്ച പുലർച്ചെ പിൻവലിച്ചത് ഇന്ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.  മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ പ്രധാനമന്ത്രി തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ശുപാർശ നല്കിയത്. രാവിലെ ചേർന്ന മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നല്കി. അജിത്പവാറിന് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന റിപ്പോർട്ട് ഗവർണ്ണർ നല്കിയെന്നാണ് മന്ത്രിസഭയെ അമിത് ഷാ അറിയിച്ചത്. അജിത് പവാറിൻറെ നീക്കത്തെ പിന്തുണയ്ക്കുന്നതായി ധനഞ്ജയ് മുണ്ടെ ഉൾപ്പടെ ചില എൻസിപി നേതാക്കൾ ബിജെപിയെ അറിയിച്ചിരുന്നു എന്നാണ് സൂചന.

Read Also: ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറുന്നു: ബിജെപി ഭരണപ്രദേശങ്ങള്‍ കുറയുന്നു

രഹസ്യ ബാലറ്റ് വഴിയുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ആദ്യം നടന്നാൽ എംഎൽഎമാർ അജിത് പവാറിനൊപ്പം നില്ക്കാൻ തയ്യാറായിരുന്നു എന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാൽ സുപ്രീംകോടതി മറിച്ചൊരു തീരുമാനം എടുത്തതോടെ രാജിവയ്ക്കാൻ ഫഡ്‍നാവിസിന് ബിജെപി നിർദ്ദേശം നല്കുകയായിരുന്നു. ഗവർണ്ണറുടെ തീരുമാനം വിശദമായി പിന്നീട് പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞതും കേന്ദ്രത്തിന് തലവേദനയായി.