പുണെ: മഹാരാഷ്ട്രയിന്‍ എന്‍സിപിയുടെ ശക്തി കേന്ദ്രമായ പുണെയിലെ കൊവിഡ് കണക്ക് പാര്‍ട്ടിയുടെ നെഞ്ചിടിപ്പേറ്റുന്നു. കൊവിഡ് രോഗികളുടെ വര്‍ധനവുണ്ടായാല്‍ പഴി സര്‍ക്കാറിനും അതുവഴി പാര്‍ട്ടിക്കും ക്ഷീണമേല്‍ക്കുമെന്നതിനാല്‍ അധ്യക്ഷന്‍ ശരദ് പവാര്‍ കൊവിഡ് പ്രതിരോധം നിയന്ത്രിക്കാനായി നേരിട്ട് രംഗത്തിറങ്ങിരിയിക്കുകയാണ്.  കഴിഞ്ഞ മൂന്ന് ദിവസമായി പുണെയില്‍ ക്യാമ്പ് ചെയ്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ശരദ് പവാര്‍. ഉന്നത ഉദ്യോഗസ്ഥരുമായി  പവാര്‍ ബന്ധപ്പെട്ടു. രോഗികളുടെ എണ്ണത്തില്‍ താന്‍ ആശങ്കാകുലനാണെന്ന് അറിയിച്ച പവാര്‍, ജനങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. 30ശതമാനം വരെ ആളുകള്‍ ഇപ്പോഴും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്ന് പവാര്‍ പറഞ്ഞു. 

കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് നഗരവാസികള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നും പവാര്‍ വ്യക്തമാക്കി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൂടുതല്‍ ഒരുക്കണമെന്നും ഓക്‌സിജനും ആംബുലന്‍സും അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് 1.94 ലക്ഷം പേര്‍ക്കാണ് പുണെയില്‍ കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് പുണെ. ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെയാണ് പവാറിന്റെ ജന്മനാടായ ബരാമതിയിലെ ജനപ്രതിനിധി.

രോഗബാധ വര്‍ധിച്ച പിംപ്രി-ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും പവാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കൊവിഡ് വര്‍ധനവ് സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തത്തെയും കെട്ടുറപ്പിനേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് എന്‍സിപി നേതൃത്വം. ശരദ് പവാറിനെപ്പോലെ തന്നെ ഉപമുഖ്യമന്ത്രി അജിത് പവാറിനും നിര്‍ണായകമായ നഗരമാണ് പുണെ. കൊവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ പാണ്ഡുരംഗ് നായിക്ക് മരിച്ചതും ഏറെ വിവാദമായിരുന്നു. പണം നേരത്തെ അടക്കാത്തതിനാല്‍ ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് വിവാദമായത്. അതിനിടെ റസ്‌റ്റോറന്റുകള്‍ തുറക്കണമെന്ന് സുപ്രിയ സുലെ ആവശ്യപ്പെട്ടത് എന്‍സിപിക്ക് തിരിച്ചടിയായി.