അദാനി വിഷയത്തെക്കാള്‍ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയെന്ന് ശരത് പവാര്‍ പറഞ്ഞു. അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ചിന്തിക്കേണ്ടതുണ്ടെന്ന് ശരദ് പവാർ.
ദില്ലി: അദാനി വിഷയത്തിലടക്കം ബിജെപി അനുകൂല നിലപാടുമായി ഇന്നും രംഗത്ത് വന്ന് ശരദ് പവാർ. അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭവാനകൾ മറക്കരുതെന്നും ജെപിസി അന്വേഷണം അനാവശ്യമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപിക്ക് എതിരഭിപ്രായങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും ജെപിസി അന്വേഷണം വേണമെന്ന നിലപാടുകാരാണെന്നും കോൺഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തെ പവാറിന്‍റെ പ്രസ്താവനകൾ ബാധിക്കില്ലെന്നായിരുന്നു ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
ശരദ് പവാർ അറിഞ്ഞ് കൊണ്ടാണ് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കിയതെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വെളിപ്പെടുത്തിയിട്ട് അധിക നാൾ ആയിട്ടില്ല. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിവാദത്തിൽ മോദിക്ക് അനുകൂലമായി അജിത് പവാർ സംസാരിച്ചിട്ട് ദിവസങ്ങളെ ആവുന്നുള്ളു. വിവാദം അനാവശ്യമെന്നും ബിരുദ സർട്ടിഫിക്കറ്റല്ല പ്രധാനമന്ത്രിക്ക് വേണ്ട യോഗ്യതയെന്നും അജിത് പറഞ്ഞു. എൻസിപി നിരന്തരം ബിജെപി അനുകൂല നിലപാടെടുക്കുന്നതിൽ പല സംശയങ്ങളും സഖ്യകക്ഷികൾക്കുള്ളപ്പോഴാണ് വീണ്ടുമൊരിക്കൽ കൂടി ശരദ് പവാർ ബിജെപി സർക്കാരിന് അനുകൂലമാവുന്ന പ്രസ്താവന നടത്തുന്നത്.
അദാനി വിഷയത്തിന് അമിത പ്രാധാന്യമാണ് നൽകുന്നത്. റിപ്പോർട്ട് പുറത്ത് വിട്ട ഹിൻഡൻബർഗിനെ സംശയിക്കേണ്ടിയിരിക്കുന്നു. ഭരണ കക്ഷി അധ്യക്ഷത വഹിക്കുന്ന ജെപിസി അന്വേഷണം കൊണ്ട് കാര്യമൊന്നുമില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ചർച്ചയാക്കേണ്ടതെന്നും പവാർ പറയുന്നു. എൻസിപിക്ക് എതിരഭിപ്രായങ്ങളുണ്ടെങ്കിലും 19 പ്രതിപക്ഷ പാർട്ടികളും ഒരേ നിലപാടുകാരാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിൽ പ്രശ്നങ്ങളില്ലെന്ന് പറയുന്നു സഖ്യകക്ഷിയായ ശിവസേന ഉദ്ദവ് വിഭാഗം. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവർഷം നടക്കാനിരിക്കെയാണ് പവാറിന്‍റെ പുതിയ നിലപാടുകൾ.
