Asianet News MalayalamAsianet News Malayalam

2016ലെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ പുറത്തുവിട്ടു; ജീവനൊടുക്കിയത് 11,379 പേര്‍

റിപ്പോർട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേർ മഹാരാഷ്ട്രയിൽ ജീവനൊടുക്കി. കർണാടകയാണ് തൊട്ടുപിന്നില്‍. 2,079 ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

NCRB release farmers suicide data in 2016
Author
New Delhi, First Published Nov 11, 2019, 2:34 PM IST

ദില്ലി: 2016 ൽ രാജ്യത്ത് 11,379 കർഷകർ ആത്മഹത്യ ചെയ്തെന്ന വിവരങ്ങള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നാം മോദി സർക്കാരിന്‍റെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുറത്തു വിടുന്നത്. അതേസമയം, 2016ന് മുന്‍ വർഷങ്ങളെ അപേക്ഷിച്ച് കർഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. 2014-ൽ 12,360 കര്‍ഷകരും 2015-ൽ 12,602 കര്‍ഷകരും ആത്മഹത്യ ചെയ്തു. 

മൊത്തത്തിൽ കർഷക ആത്മഹത്യ 21 ശതമാനം കുറഞ്ഞപ്പോൾ, ആത്മഹത്യ ചെയ്യുന്ന കർഷക തൊഴിലാളികളുടെ എണ്ണം 10 ശതമാനം വർധിച്ചു. 2015 ലായിരുന്നു എൻസിആർബി ഇതിനുമുമ്പു റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേർ മഹാരാഷ്ട്രയിൽ ജീവനൊടുക്കി. കർണാടകയാണ് തൊട്ടുപിന്നില്‍. 2,079 ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

2016ല്‍ പ്രതിമാസം ശരാശരി 948 പേരും പ്രതിദിനം 31പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്. പുരുഷന്മാരായ കര്‍ഷകരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. സ്ത്രീകളുടെ നിരക്ക് 8.6 ശതമാനമാണ്. കര്‍ഷക  ആത്മഹത്യയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷക ആത്മഹത്യയുടെ കാരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിളനാശം, രോഗം, കുടുംബ പ്രശ്നങ്ങൾ, വായ്പ എന്നിങ്ങനെ തരംതിരിച്ച് കാരണങ്ങൾ വെളിപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ചു. 2015ല്‍ 1569 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2016ല്‍ 2079 പേരായി. ആന്ധ്രയില്‍ കര്‍ഷക ആത്മഹത്യ നേര്‍ പകുതിയായി കുറഞ്ഞു(2015-1347, 2016-645). ബംഗാള്‍ കണക്ക് നല്‍കിയിട്ടില്ല. 2013-2018നും ഇടയില്‍ മഹാരാഷ്ട്രയില്‍ 15356 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.  

വിമര്‍ശനവുമായി പ്രിയങ്കാഗാന്ധി

കർഷക ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാർ മറച്ചുവെക്കുന്നതില്‍ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ബിജെപി സർക്കാർ സത്യത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ബിജെപി ഭരണത്തിൽ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നു. കര്‍ഷക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം റിപ്പോർട്ട് മറച്ചു വെക്കുന്നതാണ് നല്ലതെന്ന് അവര്‍ കരുതുന്നു. കർഷകർക്ക് ന്യായമായ വരുമാനവും ബഹുമാനവും ഉറപ്പാക്കണണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios