Asianet News MalayalamAsianet News Malayalam

CAA : കാര്‍ഷിക നിയമം പിന്‍വലിച്ച രീതിയില്‍ സിഎഎയും പിന്‍വലിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷി

തിങ്കളാഴ്ച പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ആരംഭിക്കും മുന്‍പാണ് യോഗം ചേര്‍ന്നത്. സഭയില്‍ മുന്നണിയിലെ എംപിമാര്‍ക്കിടയില്‍ പ്രതിപക്ഷ നീക്കങ്ങളെ നേരിടാന്‍ വേണ്ട തന്ത്രങ്ങള്‍ ആലോചിക്കാനായിരുന്നു യോഗം.
 

NDA ally National People Party calls for repeal of CAA
Author
New Delhi, First Published Nov 29, 2021, 1:04 PM IST

ദില്ലി: പൌരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി എന്‍ഡിഎ ഘടകകക്ഷി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന രീതിയില്‍ സിഎഎയും പിന്‍വലിക്കണമെന്നാണ് മേഘാലയയില്‍ നിന്നുള്ള നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി (National People’s Party) ആവശ്യപ്പെടുന്നത്. ഇവരുടെ എംപിയായ അഗത സംഗ്മയാണ് ( Agatha Sangma) ഇത്തരം ഒരു ആവശ്യം എന്‍ഡിഎ യോഗത്തില്‍ ഉയര്‍ത്തുമെന്ന് ഞായറാഴ്ച അറിയിച്ചത്. എന്‍ഡിഎ പാര്‍ലമെന്‍റ് അംഗങ്ങളുടെ ശൈത്യകാല സമ്മേളനത്തിന്  (Winter Session Of Parliament)  മുന്നോടിയായണ് ഇന്ന് എന്‍ഡിഎ എംപിമാരുടെ യോഗം നടന്നത്.

തിങ്കളാഴ്ച പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ആരംഭിക്കും മുന്‍പാണ് യോഗം ചേര്‍ന്നത്. സഭയില്‍ മുന്നണിയിലെ എംപിമാര്‍ക്കിടയില്‍ പ്രതിപക്ഷ നീക്കങ്ങളെ നേരിടാന്‍ വേണ്ട തന്ത്രങ്ങള്‍ ആലോചിക്കാനായിരുന്നു യോഗം.

'വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരം മനസില്‍ വേണം, ജനങ്ങളുടെ വികാരം പരിഗണിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പ്രത്യേകിച്ച്. അതിനാല്‍ തന്നെ സിഎഎ പിന്‍വലിക്കാന്‍ ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. അഗത സംഗ്മ പറഞ്ഞു. എന്നാല്‍ തന്‍റെ ആവശ്യത്തോട് പെട്ടെന്ന് പ്രതികരിക്കാന്‍ എന്‍ഡിഎ നേതാക്കള്‍ തയ്യാറായില്ലെങ്കിലും. അവര്‍ ആവശ്യം ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപി പറഞ്ഞു.

അതേ സമയം എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തില്ല. അതേ സമയം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുത്തു. 

അതേ സമയം വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനംതുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും.

Follow Us:
Download App:
  • android
  • ios