ഭോപ്പാല്‍: 50 ലക്ഷത്തോളം വില വരുന്ന 10.69 കാരറ്റ് വജ്രം മധ്യപ്രദേശിലെ ഒരു ഖനിയില്‍ നിന്ന് കണ്ടെത്തി. പന്ന ജില്ലിയലി ഖനിയില്‍ നിന്നാണ് ഈ അപൂര്‍വ്വ വജ്രം കണ്ടെത്തിയത്. രാണിപൂരിലെ ഈ മൈന്‍ ലീസിനെടുത്തിരിക്കുന്നത് 35 കാരനായ ആനന്ദിലാല്‍ കുശ്വാഹയാണ്. ഇദ്ദേഹത്തിന് നേരത്തേ 70 സെന്റ് വജ്രവും ലഭിച്ചിരുന്നതായി ലോകല്‍ ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആര്‍ കെ പാണ്ഡെ പറഞ്ഞു. 

കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വില മതിപ്പുള്ള വജ്രം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നികുതി ഈടാക്കിയതിന് ശേഷം ഉടമയ്ക്ക് വജ്രം ലേലത്തിന് വയ്ക്കാം. അതേസയമം ഈ വജ്രത്തിന് ഇപ്പോഴും വില നിശ്ചയിച്ചിട്ടില്ല. ഏകദേശം 50 ലക്ഷം വില വരുമെന്നാണ് കണക്കുകൂട്ടല്‍. താനും പങ്കാളികളും കഴിഞ്ഞ ആറ്  മാസമായി ഖനിയില്‍ കഠിനാധ്വാനത്തിലായിരുന്നുവെന്നും വജ്രം ലഭിച്ചതോടെ സന്തോഷത്തിലാണെന്നും കുശ്വാഹ പറഞ്ഞു.  മധ്യപ്രദേശിലെ പന്ന ജില്ല വജ്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്.