ആഫ്രിക്കയിലെ പാര്‍ക്കുകളോട് ശങ്കറിന് ഒരു പങ്കാളിയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടതായി ദില്ലി മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് പറയുന്നു. അതിന് സാധിക്കാത്ത പക്ഷം ആനയെ തിരികെ കൊണ്ടുപോകണമെന്നും അപേക്ഷയില്‍ വിശദമാക്കിയതായി സോണാലി പറയുന്നു

ദില്ലി മൃഗശാലയിലെ (Delhi zoo) ശങ്കറിന് (Shankar) ഇണയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി അധികൃതര്‍. ദില്ലി മൃഗശാലയിലെ ആഫ്രിക്കന്‍ ആന (African elephant) വിഭാഗത്തിലുള്ള ഒറ്റയാനാണ് ശങ്കര്‍. ഇരുപത്തിയേഴ് വയസുള്ള ശങ്കര്‍ ഈ ഇനത്തില്‍ ഇവിടെയുള്ള ഏകമൃഗം കൂടിയാണ്. ഇന്ത്യന്‍ രാഷ്ട്രപതിക്ക് സിംബാബ്വേയില്‍ നിന്നുള്ള സമ്മാനമായി ലഭിച്ച ശങ്കര്‍ 1998ലാണ് ദില്ലിയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം മൃഗശാലയിലെ കൂട്ടില്‍ കഴിഞ്ഞ ശങ്കറിന്‍റെ ഏകാന്തത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതരുള്ളത്.

ആഫ്രിക്കയിലെ സാവന്നയിലെ സ്വാഭാവിക ആവാസ മേഖലയായ വിശാലമായ പുല്‍മേടുകള്‍ വിട്ട് ദില്ലിയിലെ കൂട്ടില്‍ കഴിയേണ്ടി വരുന്ന ശങ്കറിനേക്കുറിച്ച് ആന പ്രേമികളും ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. നയതന്ത്ര സമ്മാനമായി ലഭിച്ചതിനാലാണ് ശങ്കറിനെ സ്വീകരിക്കേണ്ടി വന്നതെന്ന് മൃഗശാല അധികൃതരും പറയുന്നു. അഫ്രിക്കയിലെ പാര്‍ക്കുകളോട് ശങ്കറിന് ഒരു പങ്കാളിയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടതായി ദില്ലി മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് പറയുന്നു. അതിന് സാധിക്കാത്ത പക്ഷം ആനയെ തിരികെ കൊണ്ടുപോകണമെന്നും അപേക്ഷയില്‍ വിശദമാക്കിയതായി സോണാലി പറയുന്നു.

മഥുരയിലെ ആന സംരക്ഷണ കേന്ദ്രത്തിലും ശങ്കറിന്‍റെ ഏകാന്തത അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളുണ്ടോയെന്ന് തിരയാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ട് നീണ്ട ശങ്കറിന്‍റെ ഏകാന്തത അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫോര്‍ അനിമല്‍സ് എന്ന സംഘടന അടുത്തിടെ ഭീമഹര്‍ജ്ജി തയ്യാറാക്കിയിരുന്നു. നികിത ധവാന്‍, നന്ദികാ കരുണാകരം എന്നീ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഈ ഭീമഹര്‍ജ്ജിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ മൃഗശാലകളിലുള്ള ഏക ആഫ്രിക്കന്‍ ആനയും ശങ്കറാണെന്നാണ് വിവരം.

നേരത്തെ ശങ്കറിന് പങ്കാളിയായി ഒരു പിടിയാനയെ കൊണ്ടുവന്നിരുന്നെങ്കിലും ദില്ലിയിലെത്തിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പിടിയാന ചരിയുകയായിരുന്നു. ശങ്കര്‍ കൂടിനുള്ളില്‍ കാണിക്കുന്ന പല ലക്ഷണങ്ങളും സമ്മര്‍ദ്ദത്തിന്‍റേകാവുമെന്നാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ശങ്കറും കടുത്ത രീതിയിലുള്ള സമ്മര്‍ദ്ദത്തിലൂടെയാണ് മൃഗശാലയില്‍ കഴിയുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ശങ്കറിനെ മൃഗഡോക്ടര്‍ പരിശോധിക്കുന്നുണ്ടെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്.

ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് കൂടുതല്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്വഭാവമാണ് ആഫ്രിക്കന്‍ ആനകളുടേത് അതിനാല്‍ ഇവയെ ഏഷ്യന്‍ ആനകളുടെ ഒപ്പം അയക്കാനും സാധിക്കില്ലെന്ന വിഷമ ഘട്ടത്തിലാണ് മൃഗശാല അധികൃതരുള്ളത്. മൈസുരുവിലെ മൃഗശാലയിലുള്ള ആഫ്രിക്കന്‍ ആന കൊമ്പനാനയാണ്. ആനകളെ മൃഗശാലകളില്‍ സൂക്ഷിക്കുന്നത് സംബന്ധിയായ മാനദണ്ഡങ്ങളിലും അവയെ തനിയെ താമസിപ്പിക്കരുതെന്നാണ് വിശദമാക്കുന്നത്. ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ ആനകളെ മെരുക്കി വളര്‍ത്തുന്നതും താരതമ്യേന കുറവാണ്. അതിനാല്‍ ശങ്കറിന് സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കണമെന്നാണ് മൃഗസ്നേഹികളുടെ പക്ഷം.