Asianet News MalayalamAsianet News Malayalam

അംഗത്വം 15 കോടിയായി ഉയര്‍ത്തണമെന്ന് അമിത് ഷാ; ബിജെപി ഭാരവാഹി യോഗം അവസാനിച്ചു

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ലക്ഷ്യം വച്ചാകണം ഇനിയുള്ള പ്രവർത്തനങ്ങളെന്നും ഭാരവാഹി യോഗത്തിൽ അമിത്ഷാ പറഞ്ഞു.

need to increase bjp cadre membership says amit shah
Author
Delhi, First Published Jun 13, 2019, 8:24 PM IST

ദില്ലി: ബിജെപി അംഗത്വം പതിനഞ്ച് കോടിയായി ഉയര്‍ത്തണമെന്ന് ദില്ലിയില്‍ ഇന്ന് നടന്ന ഭാരവാഹി യോഗത്തില്‍ ദേശീയ അധ്യക്ഷനും കേന്ദ്ര അഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറ‍ഞ്ഞു. ജൂലായ് ആറിന് അംഗത്വ വിതരണത്തിനുള്ള പ്രചരണം ബിജെപി തുടങ്ങും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ലക്ഷ്യം വച്ചാകണം ഇനിയുള്ള പ്രവർത്തനങ്ങളെന്നും ഭാരവാഹി യോഗത്തിൽ അമിത്ഷാ പറഞ്ഞു. ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്. നാളെ സംഘടനാ സെക്രട്ടറിമാരുമായി അമിത്ഷാ ചർച്ച നടത്തും. 

ലോക്സഭയിലേക്ക് വലിയ വിജയം നേടിയപ്പോഴും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്നാണ് യോഗത്തിൽ അമിത്ഷാ വിലയിരുത്തിയത്.  മഹാരാഷ്ട്ര, ഹരിയാന ഉൾപ്പടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമിത്ഷാ തന്നെ നയിക്കും. സംഘടന തെരഞ്ഞെടുപ്പിന് ശേഷമേ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകൂ. 

ഒരാൾക്ക് ഒരു പദവി എന്നതാണ് കീഴ്വഴക്കമെങ്കിലും തൽക്കാലം ബിജെപിയിൽ നേതൃമാറ്റമുണ്ടാകില്ല. ഈവര്‍ഷം അവസാന നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി അമിത്ഷായുടെ നിയന്ത്രണത്തിൽ തന്നെയാകും. രണ്ട് തവണ അദ്ധ്യക്ഷനായ അമിത്ഷയുടെ കാലാവധി കഴിഞ്ഞ മാര്‍ച്ചിൽ അവസാനിച്ചതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കാലാവധി നീട്ടിയത്. ഇനി സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഡിസംബര്‍ വരെ അമിത്ഷാ തുടരും. 

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടം വഹിക്കാൻ അമിത്ഷായുടെ കീഴിൽ ആര്‍ക്കെങ്കിലും ചുമതല നൽകാൻ സാധ്യതയുണ്ട്. സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അംഗത്വ വിതരണ സമിതിയുടെ കണ്‍വീനറായി ശിവരാജ് സിംഗ് ചൗഹാനെ നിയമിച്ചു. ശോഭാ സുരേന്ദ്രൻ ഉൾപ്പടെ നാല് സഹ കണ്‍വീനര്‍മാരും സമിതിയിൽ ഉണ്ടാകും. 

Follow Us:
Download App:
  • android
  • ios