മുംബൈ: ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജി ഹര്‍ജിയുമായി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചു. മരിക്കുന്നതിന് മുമ്പ് തന്‍റെ മക്കളുമായി സംസാരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ''ഞാന്‍ ഇനിയും എത്രകാലം ജീവിച്ചിരിക്കുമെന്ന് അറിയില്ല. ഞാന്‍ മരിക്കുന്നതിന് മുമ്പ് വിദേശത്തുകഴിയുന്ന് എന്‍റെ മക്കളോട് എനിക്ക് സംസാരിക്കണം'' - പീറ്റര്‍ മുഖര്‍ജി കോടതിയില്‍ ആവശ്യപ്പെട്ടു. 

മക്കളുമായി സംസാരിക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പീറ്റര്‍മ മുഖര്‍ജിക്ക് ഉറപ്പുനല്‍കി. ഷീന ബോറ വധക്കേസില്‍ ഭാര്യ ഇന്ദ്രാണി മുഖര്‍ജിക്കൊപ്പം വിചാരണ നേരിടുകയാണ് പീറ്റര്‍ മുഖര്‍ജി. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

ഇന്ദ്രാണി മുഖര്‍ജിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു ഷീന ബോറ. ഇന്ദ്രാണിയും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഷീന കൊല്ലപ്പെടുമെന്ന് പീറ്റര്‍ മുഖര്‍ജിക്ക് അറിയാമായിരുന്നു. നിശബ്ദനായ കൊലയാളിയെന്നാണ് കോടതി പീറ്റര്‍ മുഖര്‍ജിയെ വിശേഷിപ്പിച്ചത്.  

Read Also:മാധ്യമസ്ഥാപനത്തിന്‍റെ തലപ്പത്തുനിന്ന് മകളെ കൊന്ന് ജയിലിലേക്ക്; ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതം ഇങ്ങനെ....

ഷീന ബോറയെ തന്റെ മകളായി ഇന്ദ്രാണി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഷീനയും അമ്മയുടെ സമ്പത്തിന്റെ താരത്തിളക്കത്തിൽ നിന്നും കഴിയുന്നത്ര ദൂരെ മാറിനിന്നു. മുംബൈ മെട്രോ വണ്ണിൽ എച്ച് ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷീന ഒരൊറ്റ തെറ്റുമാത്രമേ ചെയ്തുള്ളൂ. പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലെ മകൻ രാഹുലിനെ പ്രണയിച്ചു. അവനോടൊപ്പം ഒരു വിവാഹജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിച്ചു. അതിനെതിരായിരുന്നു ഇന്ദ്രാണി. 

മകളെ രാഹുലുമായുള്ള പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഇന്ദ്രാണി പരമാവധി ശ്രമിച്ചെങ്കിലും ഷീന വഴങ്ങിയില്ല. രാഹുൽ മുറയ്ക്ക് ഇന്ദ്രാണിയ്‌ക്ക് മകനായി വരും. അതുകൊണ്ടുതന്നെ അങ്ങനെയൊരു ബന്ധം ഇന്ദ്രാണിക്ക്‌ സമ്മതമായിരുന്നില്ല. മാത്രവുമല്ല, ഷീന, പീറ്ററിന്റെ മകൻ രാഹുലിനെ വിവാഹം കഴിച്ചാൽ പീറ്ററിൽ നിന്നും തനിക്ക് കിട്ടാനിരിക്കുന്ന സ്വത്തു മുഴുവൻ സ്വന്തമാക്കിക്കളയുമോ എന്ന ഭയവും ഇന്ദ്രാണിക്കുണ്ടായിരുന്നു. പീറ്ററും ഇന്ദ്രാണിയും ചേർന്ന് INX മീഡിയയിൽ നിന്നും തട്ടിയെടുത്ത പണം ഷീന ബോറയുടെ  പേരിൽ ഓഫ്‌ഷോർ അക്കൗണ്ടിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.