ദില്ലി: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാർ സുപ്രീം കോടതിയെ സമീപിക്കും. പുനഃപരിശോധന ഹർജി നൽകാനാണ് തീരുമാനം. ഹർജി തയ്യാറാക്കാനായി പഞ്ചാബ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻഎസ്‍യു ദേശീയ അധ്യക്ഷൻ നീരജ് കുന്ദൻ അനിശ്ചിതകാല സമരം തുടങ്ങി. 

പരീക്ഷകൾ നടത്തുന്നതിലും ജിഎസ്ടി വിഹിതം പിടിച്ചു വയ്ക്കുന്നതിലും കേന്ദ്രത്തിനെതിരെ സംയുക്ത നീക്കത്തിന് സോണിയ ഗാന്ധി വിളിച്ച 7 മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ധാരണയായിരുന്നു. കോൺഗ്രസിന്‍റെ 4 പേർക്ക് പുറമെ മമത ബാനർജി, ഹേമന്ത് സോറെൻ, ഉദ്ധവ് താക്കറെ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു

പരീക്ഷ നടത്താനുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ സംയുക്ത പുനപരിശോധന ഹർജി നല്കാമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. കേന്ദ്രത്തെ ഭയക്കണോ ചെറുക്കണോ എന്ന് തീരുമാനിക്കാൻ സമയമായെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ നിലപാട്.

ദില്ലിയിലുള്ളവർ പ്രധാനമന്ത്രിയെ കണ്ട് ഇടപെടൽ ആവശ്യപ്പെടണമെന്നും അവിടെ തീരുമാനമില്ലെങ്കിൽ പിന്നെ സുപ്രീംകോടതിയെ സമീപിക്കാതെ വേറെ വഴി ഇല്ലെന്നുമാണ് മമത ബാന‍ർജി ഇന്ന് പറഞ്ഞത്.  ഇപ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാണെന്നും ബംഗാൾ മുഖ്യമന്ത്രി നിലപാടെടുത്തത്.

പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളോടും സംസാരിക്കാനാണ് ധാരണ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി ആപത്ഘട്ടത്തിലാകുമെന്നായിരുന്നു കോടതി പറഞ്ഞത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി.

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ1 മുതൽ 6 വരെയും നടക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.