തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സര്‍ക്കാരിനെതിരെ പോരാടാനും വിദ്യാര്‍ത്ഥികൾ നിര്‍ബന്ധിതരാവുകയാണെന്ന് രാഹുൽ ഗാന്ധി

ദില്ലി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ച സംഭവത്തിൽ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സര്‍ക്കാരിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസരംഗം തകര്‍ന്നതിൻ്റെ ദൗര്‍ഭാഗ്യകരമായ മറ്റൊരു ഉദാഹരണമാണ് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.

ബിജെപി ഭരണത്തിന് കീഴിൽ വിദ്യാര്‍ത്ഥികൾക്ക് പഠിച്ചാൽ മാത്രം ഉയരത്തിലെത്താനാവില്ലെന്നും തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സര്‍ക്കാരിനെതിരെ പോരാടാനും നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന വിദ്യഭ്യാസ മാഫിയക്ക് മുന്നിൽ മോദി ഒന്നും മിണ്ടാതെ നിൽക്കുകയായാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ന് രാത്രി വൈകിയാണ് നാളെ നടത്താൻ നിശ്ചയിച്ച നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതിനിടെ നീറ്റ് - നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് ചുമതല നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിൽ നിയമിച്ച കേന്ദ്രം പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്