മേട്ടുപ്പാളയം സ്വദേശിയായ കാട്ടൂർ ഡോ രാശി, എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സമ്മ‍ർദ്ദം താങ്ങാനാകാതെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ആത്മഹത്യയെന്നാണ് സൂചന

ചെന്നൈ: നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം ശേഷിക്കേ സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിൽ വനിതാ ഡോക്ടർ ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശി ഡോ രാശിയാണ് പഠന മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. ഇതോടെ മെഡിക്കൽ നീറ്റ് പിജി പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം തമിഴ്നാട്ടിൽ വീണ്ടും പ്രതിഷേധം സജീവമായി.

മേട്ടുപ്പാളയം സ്വദേശിയായ കാട്ടൂർ ഡോ രാശി, എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സമ്മ‍ർദ്ദം താങ്ങാനാകാതെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ആത്മഹത്യയെന്നാണ് സൂചന. പുലർച്ചെ മൂന്ന് മണിക്ക് വീട്ടുകാർ വന്ന് വിളിച്ചപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്. മേട്ടുപ്പാളയം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയുടെ പിരിമുറുക്കത്തിൽ രാശി കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പൊലീസ് പറഞ്ഞു.

മെഡിക്കൽ പിജി നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ട‍ർമാർ നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കൊവിഡ് വ്യാപനം കാരണം നീണ്ടുപോയ കഴിഞ്ഞ വ‍ർഷത്തെ കൗൺസിലിംഗും മറ്റ് നടപടിക്രമങ്ങളും കണക്കിലെടുത്ത് ഈ വർഷത്തെ പ്രവേശന പരീക്ഷ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാശിയെന്ന് സഹപ്രവർത്തകർ പറഞ്ഞു. നീറ്റ് പിജി പരീക്ഷയുടെ നടത്തിപ്പ് അശാസ്ത്രീയമെന്ന് ആരോപിച്ച് നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ട്വിറ്ററും ഫേസ്ബുക്കും അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. അശാസ്ത്രീയമായ പരീക്ഷാ സമ്പ്രദായത്തിന്‍റെ ഇരയാണ് ഡോ.രാശിയെന്നാണ് ആരോപണം.