നീറ്റ് യൂജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ 99.995 ശതമാനം നേടി അഖിലേന്ത്യാ റാങ്ക് 98 കരസ്ഥമാക്കിയ നന്ദിക സരീൻ. 

ചണ്ഡീഗഡ്: നീറ്റ് യൂജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ 99.9 ശതമാനം (646 മാർക്ക്) നേടി അഖിലേന്ത്യാ റാങ്കായ 98 നേടിയ നന്ദിക സരീനിന് മെഡിസിൻ കരിയറായി തിരഞ്ഞെടുക്കുക എന്നത് സ്വാഭാവികമായ തീരുമാനമായിരുന്നു. ഡോക്ടർമാരുടെ കുടുംബത്തിൽ നിന്നായിരുന്നു നന്ദികയുടെ വരവ്. പിതാവ് ഡോ. ജതിൻ സരീൻ ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റാണ്. അമ്മ ഡോ. റിംപി സരീൻ ഒരു പാത്തോളജിസ്റ്റും. സഹോദരിയാകട്ടെ ഡോ. അക്ഷിത സരീൻ എംബിബിഎസ് ബിരുദധാരിയും.

ചണ്ഡീഗഡിലെ സെക്ടർ 26-ലെ സേക്രഡ് ഹാർട്ടിലാണ് നന്ദിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 12-ാം ക്ലാസ്സിൽ 98.2 ശതമാനം മാർക്ക് നേടി.. തന്റെ മാതാപിതാക്കളും സഹോദരിയുമാണ് തന്റെ പ്രചോദനമെന്ന് അവൾ പറയുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ മെഡിസിൻ പഠിക്കാൻ തീരുമാനിച്ചിരുന്നു. അല്ലെങ്കിൽ അതിൽ തനിക്ക് താൽപര്യമുണ്ടായിരുന്നു. ഈ മേഖലയിലെ ഗവേഷണവും താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ പാസായ നന്ദിക പറഞ്ഞു.

പതിവായി കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുത്തായിരുന്നു നന്ദികയുടെ വിജയ യാത്ര. ഫിസിക്സിന് സഞ്ജയ് അഹ്ലാവത്, കെമിസ്ട്രിക്ക് അനുരാഗ് അഗർവാൾ, ബയോളജിക്ക് ഡോ. അരവിന്ദ് ഗോയൽ എന്നിവരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്ന നന്ദിക പറയും. തന്റെ വിജയത്തിൽ അവർക്ക് വലിയ പങ്കുണ്ട്. പഠനത്തിൽ ഞാൻ ചിട്ടയായ ഒരു ദിനചര്യ പിന്തുടർന്നിരുന്നു. പതിവായി റിവിഷൻ ചെയ്തു. കൃത്യസമയത്ത് പഠനം പൂർത്തിയാക്കി. സ്കൂൾ പഠനവും ഒപ്പം കൊണ്ടുപോയി. അധ്യാപകരുമായി സംശയങ്ങൾ പതിവായി പങ്കുവച്ചുവെന്നും അവൾ പറഞ്ഞു.

നീറ്റ് പരീക്ഷയെക്കുറിച്ച് നന്ദികയ്ക്ക് പറയാനുള്ളത് ഇതാണ്. ബയോളജി കുറച്ചേറെ പഠിക്കാനുണ്ട്. എന്നാൽ ഫിസിക്സ് വളരെ കഠിനമാണ്, കെമിസ്ട്രി തന്ത്രപരമായി പഠിക്കണം എന്നും നന്ദിക പറയുന്നു. പരീക്ഷ എഴുതാൻ ‍താൻ തന്റേതായ രീതി ഉപയോഗിച്ചു. സംശയമുള്ള ചോദ്യങ്ങളിൽ ഞാൻ ആദ്യം സമയം പാഴാക്കിയില്ല. ശ്രദ്ധയോടെ പരീക്ഷ പൂർത്തിയാക്കി. തുടര്‍ന്ന് സംശയമുള്ള ചോദ്യങ്ങൾക്കായി അവസാനത്തെ 20 മിനിറ്റ് മാറ്റിവെച്ചുവെന്നും അവർ പറഞ്ഞു. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ പഠിച്ചിരുന്നു. ക്ലാസ്സുകൾക്ക് ശേഷം ടിവി കാണും. ഇടയ്ക്ക് പാർക്കിൽ നടക്കാനോ നൃത്തം ചെയ്യാനോ പോകുമെന്നും നന്ദിക പറഞ്ഞു. തന്റെ പ്രയത്നത്തിന് കിട്ടിയ ഫലത്തിൽ താൻ വളരെ സന്തുഷ്ടയാണെന്നും നന്ദിക കൂട്ടിച്ചേർത്തു.