നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: സിബിഐ കേസെടുത്തു, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാര്‍ക്ക് കിട്ടിയ 2 വിദ്യാര്‍ത്ഥികൾ ഇന്ന് നടന്ന പുനപ്പരീക്ഷയിൽ പങ്കെടുത്തില്ല

NEET UG exam CBI registers FIR SIT went to Bihar and Gujarat

ദില്ലി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സിബിഐ സംഘം കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്ന് സിബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. കേസിൻ്റെ അന്വേഷണത്തിനായി സംഘാംഗങ്ങൾ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതിനിടെ നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാര്‍ക്ക് കിട്ടിയ 2 വിദ്യാര്‍ത്ഥികൾ ഇന്ന് നടന്ന പുനപ്പരീക്ഷയിൽ പങ്കെടുത്തില്ല. ഛണ്ഡീഗഡിലെ സെൻ്ററിൽ പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ഈ രണ്ട് പേര്‍ മാത്രമായിരുന്നു ഈ സെൻ്ററിൽ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്. രണ്ട് പേരും എത്താതിരുന്നതോടെ ഈ സെൻ്ററിൽ പരീക്ഷ നടന്നില്ല. 

വിദ്യാഭ്യാസമന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീറ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം തുടങ്ങിയത്. നാല് സംസ്ഥാനങ്ങളിലേക്ക് നീളുന്ന കണ്ണികളാണ്  ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് സിബിഐ നിഗമനം.  എൻടിഎടിയിലെ ഉദ്യോഗസ്ഥരടക്കം അന്വേഷണപരിധിയിലാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ചിലരെ സിബിഐ ഉടൻ  ചോദ്യം ചെയ്തേക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാറിലെ നവാഡിയിൽ എത്തിയ സിബിഐ സംഘത്തെ ആക്രമിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിഹാർ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടിയിട്ടുണ്ട്. 40 ലക്ഷം രൂപ വരെ ഒരു വിദ്യാർത്ഥിയോട് ഇടനിലക്കാരൻ പറഞ്ഞുറപ്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. പരീക്ഷാ ക്രമക്കേടിൽ എൻടിഎ ഇതിനിടെ നടപടി തുടങ്ങിയിരിക്കുകയാണ്. ക്രമക്കേട് കാട്ടിയെന്ന് കണ്ടെത്തിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. ഇതിൽ 17 പേർ ബീഹാറിൽ നിന്നും 30 പേർ ഗുജറാത്തിലെ ഗോധ്രയിൽ നിന്നുമാണ്. 

നടപടികളുടെ സാഹചര്യത്തിൽ പുനപരീക്ഷ നടത്തണമെന്ന ആവശ്യം ഒരു വിഭാഗം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്. ഈക്കാര്യം ഉന്നയിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ദില്ലി ജന്തർമന്തറിൽ പ്രതിഷേധം നടത്തി. വിശദമായ കൂടിയലോചനയ്ക്ക് ശേഷം മാത്രമേ പുന പരീക്ഷയിൽ തീരുമാനം എടുക്കൂവെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിലപാട്. ചില കോച്ചിംഗ് സെന്റുകളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് വിദ്യഭ്യാസമന്ത്രാലയ വൃത്തങ്ങൾ പറയുന്നത് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios