നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു.

NEET UG Exam controversy NTA debarred 63 students across in india

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു. ബീഹാറിൽ മാത്രം 17 വിദ്യാർത്ഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തത്. അതേസമയം, വിവാദത്തെ തുടര്‍ന്ന് ​ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല.

അതിനിടെ, നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ നവാഡയിലാണ് സംഭവം നടന്നത്.  നീറ്റ് യുജി പരീക്ഷയിലെ വ്യാപക ക്രമക്കേട് പുറത്തുവന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് പരാതി കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സിബിഐ നിയോഗിച്ചു. എൻടിഎടിയിലെ ഉദ്യോഗസ്ഥരടക്കം അന്വേഷണ പരിധിയിലാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം ഒരു വിഭാഗം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്. വിശദമായ കൂടിയലോചനയ്ക്ക് ശേഷം മാത്രമേ പുനഃപരീക്ഷയിൽ തീരുമാനം എടുക്കൂവെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്. നീറ്റ് പിജി പരീക്ഷ മാറ്റിയതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവസാനനിമിഷം പരീക്ഷ മാറ്റിയതിനെ വിമർശിച്ച് എബിവിപി, എസ്എഫ്ഐ, എൻഎസ് യു അടക്കം വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. നീറ്റ് പിജി പരീക്ഷ മാറ്റിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios