ദില്ലി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ചൗഹാന്‍ പറഞ്ഞത്.

വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎക്ക് നല്‍കിയ അഭിമുഖത്തിലാണ് ചൗഹാന്‍റെ വിവാദ പ്രസ്താവന. പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയതാണ് നെഹ്റു ചെയ്ത ആദ്യത്തെ കുറ്റം. വെടിനിര്‍ത്തല്‍ കരാര്‍ കാരണം കശ്മീരിന്‍റെ വലിയൊരു ഭാഗം പാകിസ്ഥാന്‍റെ കൈയിലായി.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പ്രഖ്യാപിച്ചത് രണ്ടാമത്തെ കുറ്റമായും ചൗഹാന്‍ പറഞ്ഞു. ഒരുരാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് ഭരണാധികാരികളും എങ്ങനെയാണ് ഉണ്ടാകുക. ഇത് നീതി നിഷേധവും രാജ്യത്തോടുള്ള കുറ്റകൃത്യവുമാണെന്നും ചൗഹാന്‍ പറഞ്ഞു.