ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയമെന്നും രാഹുൽ ഗാന്ധി.

ദില്ലി: ഇസ്രയേലുമായുള്ള ബന്ധത്തിൽ കോൺഗ്രസ് നിലപാടിൽ ഭിന്നത. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയമെന്നും രാഹുൽ ഗാന്ധി. ഹമാസിന്റെ ഒക്ടോബർ ഏഴ് ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും ഒരുപോലെ അപലപിച്ച രാഹുൽ, ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യ മൗനം പാലിക്കരുതെന്നും വ്യക്തമാക്കി.

എന്നാൽ ഇസ്രയേലിന്റെ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടിൽനിന്ന് രാഹുലിന്റെ പ്രതികരണം വ്യത്യസ്തമാണ്. മോദി സർക്കാരിന്റെ ഇസ്രയേൽ അനുകൂല നിലപാടിന് സമാനമാണ് രാഹുലിന്റെ പ്രസ്താവനയെന്നും വിമർശനം. സിപിഎം നേതാവ് പിണറായി വിജയനും സിപിഐ എംഎൽ ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയും രാഹുലിനെതിരെ രംഗത്തെത്തി. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിലെ വൈരുധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് വിമർശനം.