പാറ്റ്ന: നേപ്പാൾ ഭാഗത്ത് നിന്ന് വെടിയേറ്റ് ബിഹാർ സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സീതാമർഹി ജില്ലയോട് ചേർന്ന് അതിർത്തി പ്രദേശത്ത് നേപ്പാൾ പൊലീസ് ഉതിർത്ത വെടിയേറ്റാണ് ബിഹാർ സ്വദേശി മരിച്ചത്. 

ബിഹാറിലെ പിപ്ര പർസൻ പഞ്ചായത്തിലെ ലാൽബണ്ടി - ജാനകി നഗർ അതിർത്തിയിൽ ഇന്ത്യൻ പൗരന്മാരും നേപ്പാൾ പൊലീസും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവയ്പ്പുണ്ടായെന്നാണ് വിവരം. വികേഷ് കുമാർ റായ് എന്ന 25കാരനാണ് മരിച്ചത്. ഉമേഷ് റാം, ഉദയ് താക്കൂർ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പാടത്ത് പണിയെടുക്കുകയായിരുന്നു. ലഗൻ റായ് എന്നയാളെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സിതാമർഹി സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വികേഷ് കുമാർ റായിയുടെ പിതാവ് നാഗേശ്വർ റായിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലം നേപ്പാൾ അതിർത്തിയിലെ നാരായൺപുറിലാണ്. ഇവിടെ ജോലി ചെയ്യുമ്പോഴാണ് വികേഷിന് വെടിയേറ്റത്. മെയ് 17 ന് ഇതേ പ്രദേശത്ത് നേപ്പാൾ പൊലീസ് ഉണ്ടയില്ലാ വെടി ഉതിർത്തിരുന്നു. അതിർത്തി കടന്നെത്തിയ ഇന്ത്യാക്കാരെ തിരിച്ചയക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് പിന്നീട് ഇവർ വിശദീകരിച്ചത്.

നേപ്പാളും ഇന്ത്യയും 1850 കിലോമീറ്റർ ദൂരം തുറന്ന അതിർത്തി പങ്കിടുന്നുണ്ട്. എല്ലാദിവസവും നൂറ് കണക്കിനാളുകൾ ഇരു രാജ്യങ്ങൾക്കിടയിലും ഉപജീവനത്തിനും ബന്ധുസന്ദർശനത്തിനുമായി നൂറ് കണക്കിനാളുകളാണ് സഞ്ചരിക്കുന്നത്.