ദില്ലി: പരീക്ഷ നടത്തിപ്പ് ചുമതല റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ആര്‍ആര്‍ബി) പുറമെ നിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉന്നതതല കൂടിക്കാഴ്ചകള്‍ക്ക് ശേഷം ബോര്‍ഡ് ടെണ്ടര്‍ തയ്യാറാക്കുമെന്നും റെയില്‍വേ റിക്രൂട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് മാസത്തിനകം ഏജന്‍സിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ഏജന്‍സിയെ നിമയിച്ച ശേഷമാകും ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാ തീയതി നിശ്ചയിക്കുക എന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 

പരീക്ഷ നടത്തിപ്പിന് പുറമെ ഉതത്തരസൂചികകള്‍ പുറത്തിറക്കുക, തെറ്റുകള്‍ തിരുത്തുക, ഫലം പ്രസിദ്ധീകരിക്കുക, പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറ്റം എന്നീ ചുമതലകളും പുതിയ ഏജന്‍സി നിര്‍വ്വഹിക്കേണ്ടി വരുമെന്നും ആര്‍ആര്‍ബി അധികൃതര്‍ അറിയിച്ചു. പരീക്ഷ നടത്താന്‍ സന്നദ്ധത അറിയിച്ച് 25 ഓളം ഏജന്‍സികള്‍ ഇതുവരെ ആര്‍ആര്‍ബിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും അനുയോജ്യമായ ഏജന്‍സിയെ ആര്‍ആര്‍ബി പാനലാണ് കണ്ടെത്തുന്നത്.