മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുൻ സുഹൃത്ത്; വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
മഹുവ മൊയ്ത്ര വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ദില്ലി: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുൻ സുഹൃത്ത്. മഹുവ മൊയ്ത്ര വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആനന്ദ് ദെഹദ്രായ് പറയുന്നു. സുപ്രീംകോടി അഭിഭാഷകനാണ് ആനന്ദ് ദെഹദ്രായ്.
നവംബർ 5, 6 തീയതികളിൽ മഹുവ മൊയ്ത്ര തന്റെ വീട്ടിൽ അനുവാദമില്ലാതെ കയറിയെന്നാണ് ആനന്ദ് ദെഹദ്രായ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എത്തിക്സ് കമ്മറ്റിക്ക് മുന്നിൽ ഹാജരായതിന് പിന്നാലെയാണ് ഇതെന്നും പരാതിയിൽ പറയുന്നു. തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹുവ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും പരാതിയിലുണ്ട്. ഇത്തരത്തിൽ വഞ്ചനാക്കുറ്റം ചുമത്തി പരാതി നൽകിയ മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകുന്നതെന്നും ആനന്ദ് വ്യക്തമാക്കി.
അതേസമയം, ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിക്കെതിരെ വീണ്ടും മഹുവ മൊയ്ത്ര രംഗത്തെത്തി. ഏക പക്ഷീയ റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിരിക്കുന്നതെന്ന് മഹുവ ആരോപിച്ചു. കരട് എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യണമെന്നാണ് ചട്ടമെന്നിരിക്കേ പ്രതിപക്ഷ അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മോദിയും അദാനിയും ഇത്ര ഭയക്കുന്നത് എന്തിനാൈണെന്നും സമൂഹമാധ്യമമായ എക്സില്‍ മഹുവ ചോദിച്ചു. മഹുവയെ അയോഗ്യയാക്കാനുള്ള ശുപാര്‍ശ ബിജെപിക്ക് ഭൂരിപക്ഷമുള്ള സമിതി സ്പീക്കര്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന.