Asianet News MalayalamAsianet News Malayalam

രാജ്പഥ് ഇനി കർത്തവ്യപഥ്; പേര് മാറ്റം എൻഡിഎംസി അംഗീകരിച്ചു

നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്‍പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

New Delhi Municipal Council approved rename the Rajpath as Kartavya Path
Author
First Published Sep 7, 2022, 12:22 PM IST

ദില്ലി: ദില്ലിയിലെ രാജ്‍പഥിന്‍റെ പേര് മാറ്റി. കർത്തവ്യ പഥ് എന്ന പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷന്‍ (എൻഡിഎംസി) ചേര്‍ന്ന പ്രത്യേക യോഗം അംഗീകരിച്ചു. ഇന്ന് പ്രത്യേക യോഗം ചേർന്നാണ് പുനർ നാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്‍പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉൾപ്പെടെയാണ് ഇനി കർത്തവ്യപഥ് എന്നറിയിപ്പെടുക. 

ഇന്ത്യയുടെ മുഖമുദ്രയായ ദില്ലി നഗര ഹൃദയത്തിലെ വീഥി ഇനി കർത്തവ്യ പഥ് എന്ന് അറിയപ്പെടും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ആദ്യഘട്ടമായാണ് കർത്തവ്യ പഥ് വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അന്ന് പേരുമാറ്റം പ്രഥാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പ്രഖ്യാപിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോ‍ർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറി. കോളനി വാഴ്ചയുടെ  ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍നിന്നും സെന്‍റ് ജോർജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയർത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.

Also Read: കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ച്ചു; നാവികസേനയ്ക്ക് പുതിയ പതാക, പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Follow Us:
Download App:
  • android
  • ios