പ്രതിപക്ഷത്തിന്‍റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത്

ദില്ലി: ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക മുസ്ലീംലീഗിന്‍റേത് എന്ന് എഎൻഐ അഭിമുഖത്തില്‍ അദ്ദേഹം ആവർത്തിച്ചു. എസ്‍സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്‍റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 24 വർഷമായി താന്‍ നിരന്തരം ആക്രമണത്തിന് വിധയേമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന വിമർശനം മോദി തള്ളി. ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ഇത് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് തെളിവാണ് ആരോപണത്തിന് ഉള്ളതെന്നും മോദി ചോദിച്ചു. അനുച്ഛേദ്ദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിന് ഗുണകരമായി മാറി. പശ്ചിമ ബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രചാരണം തീർന്ന ശേഷം നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനം ഇരിക്കും. വിവേകാനന്ദ പാറയിൽ രണ്ടു ദിവസത്തെ ധ്യാനം എന്നാണ് സൂചന. 2019ൽ കേദാർനാഥിൽ അദ്ദേഹം ധ്യാനത്തിന് എത്തിയിരുന്നു