മുൻ ജനറൽ മാനേജർ 122 കോടി രൂപ അടിച്ചുമാറ്റി, ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധിയിൽ, വടിയെടുത്ത് ആർബിഐ
ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ബോർഡിനെ അസാധുവാക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു.

മുംബൈ: ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ മുൻ ജനറൽ മാനേജർ ഹിതേഷ് പ്രവീൺചന്ദ് മേത്ത ബാങ്കിന്റെ ട്രഷറിയിൽ നിന്ന് 122 കോടി രൂപ മോഷ്ടിച്ചതായി മുംബൈ പൊലീസ്. 2020 നും 2025 നും ഇടയിൽ, ദാദർ, ഗോരേഗാവ് എന്നീ രണ്ട് ശാഖകളുടെ അക്കൗണ്ടുകളിൽ നിന്ന് മേത്ത 122 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഹിതേഷ് മേത്തയ്ക്ക് സമൻസ് അയച്ചു. അക്കൗണ്ട് ബുക്ക്സ് തിട്ടപ്പെടുത്തിയപ്പോൾ 122 കോടി രൂപയുടെ വ്യത്യാസം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 316 (5), 61 (2) എന്നിവ പ്രകാരം ദാദർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ബോർഡിനെ അസാധുവാക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു. അതേസമയം, വിവാദമായതോടെ ഉപഭോക്താക്കൾ ബാങ്കിന് മുന്നിൽ തടിച്ചുകൂടി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷമായി ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് നഷ്ടം നേരിടുകയാണ്. 2023 സാമ്പത്തിക വർഷത്തിൽ 31 കോടി രൂപയുടെ നഷ്ടം നേരിട്ടതിന് ശേഷം 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 23 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതായി വാർഷിക റിപ്പോർട്ട് പറയുന്നു.
Read More... പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
2024 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ വായ്പകൾ 1,175 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 1,330 കോടി രൂപയായിരുന്നു. അതേസമയം നിക്ഷേപങ്ങൾ 2,406 കോടി രൂപയിൽ നിന്ന് 2,436 കോടി രൂപയായി നേരിയ വർധനവ് രേഖപ്പെടുത്തി.
