ദില്ലി: സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പണമുണ്ടാക്കാന്‍ പുതിയ പദ്ധതികളുമായി ദില്ലി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയില്‍ സംരംഭകത്വശേഷി വികസിപ്പിക്കുന്നതിനുള്ള പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ജൂലൈ ഒന്ന് മുതല്‍ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ്  സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

1,024 സ്കൂളുകളിലാണ് പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത്. ദിവസേന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ സംരംഭകത്വ പരിശീലനത്തിനായി നീക്കി വയ്ക്കാനാണ് തീരുമാനം. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും സംരംഭകത്വത്തിലെ താത്പര്യം വര്‍ധിപ്പിക്കാനുമായി ഓരോ വിദ്യാര്‍ത്ഥിക്കും 1000 രൂപ വീതം നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ആശയമാണ് പുതിയ പദ്ധതിയിലേക്ക് വഴിതെളിച്ചതെന്ന് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

എഎപി സര്‍ക്കാര്‍ ആറുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഹാപ്പിനസ് കരിക്കുലം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എസ് സി ഇ ആര്‍ റ്റിയിലെയും എന്‍ സി ഇ ആര്‍ റ്റിയിലെയും  അധ്യാപകരുള്‍പ്പെടെ 40 അംഗങ്ങളടങ്ങിയ കമ്മറ്റിയാണ് പദ്ധതി രൂപവത്കരിച്ചത്.