ചീഫ് ജസ്റ്റിസിൻ്റെ അധ്യക്ഷതയിൽ ഉള്ള 9 അംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ ഭാനുമതി, അബ്ദുൽ നസീർ, അശോക് ഭൂഷൺ, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹൻ എം, ശന്തന ഗൗഡർ, ബി ആർ ഗവായ് എന്നിവരാണ് അംഗങ്ങൾ.  

ദില്ലി: ശബരിമല പുനപരിശോധന ഹർജിക്കുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു. മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടൻ നരിമാൻ, ഇന്ദു മൽഹോത്ര എന്നിവർ പുതിയ ബെ‌ഞ്ചിലില്ല. ഈ മാസം 13ന് കേസ് പരിഗണിക്കും. 

2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. വിധിക്കെതിരെയുള്ള പുനഃപരിശോധനകളിൽ തീരുമാനമെടുക്കാതെ ഭരണഘടനപരമായ വിഷയങ്ങൾ കഴിഞ്ഞ നവംബര്‍ 14ന് വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ശബരിമല കേസുകൾ ഇതുവരെ പരിഗണിച്ച ജഡ്ജിമാരെയെല്ലാം ഒഴിവാക്കിയാണ് ഇപ്പോഴത്തെ ഒമ്പതംഗ ഭരണഘടന ബെഞ്ച്. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ പുതിയ ബെഞ്ചിൽ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക്ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം എം ശാന്തനഗൗഡര്, എസ് അബ്ദുൾ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ. ശബരിമലയിലെ യുവതി പ്രവേശന ആവശ്യം വീണ്ടും വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നു. വേണ്ടിവന്നാൽ 1954ലെ ശിരൂര്‍ മഠം കേസിലെ ഉൾപ്പടെ മതാനുഷ്ടാനങ്ങൾക്കുള്ള മൗലിക അവകാശങ്ങൾ നിര്‍വചിച്ച ഇതിന് മുമ്പുള്ള പല വിധികളും മറികടക്കാൻ ഇപ്പോൾ രൂപീകരിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സാധിക്കുകയും ചെയ്യും.