ദില്ലി: എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലടക്കം 43 പേര്‍ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനില്‍ നിന്നാണ് കെ സി വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടത്.  കേന്ദ്ര സാമൂഹ്യക്ഷേമസഹമന്ത്രി രാംദാസ് അത്താവലയും സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്.  

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, ദിഗ്‍വിജയ് സിംഗ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് പ്രമുഖർ. 

പാര്‍ലമെന്‍റ് ചേരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ചേംബറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. 61 പേരായിരുന്നു സത്യ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ മറ്റുള്ളവര്‍ ദില്ലിയിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. മാര്‍ച്ച് അവസാനം നടത്തേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ജൂണിലാണ് നടന്നത്.