റോഡ് ഉദ്ഘാടന ചടങ്ങിനിടെ റോഡില്‍ നാളികേരമുടച്ചതോടെയാണ് പുത്തന്‍ റോഡിന്‍റെ ദയനീയാവസ്ഥ വെളിവായത്. ജലസേചന വകുപ്പാണ് 1.16 കോടിരൂപ ചെലവില്‍ 7.5 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. 

ഉദ്ഘാടന ദിവസം തന്നെ പുതിയ റോഡ് (New road cracked) തകര്‍‌ന്നതിന്‍റെ അമര്‍ഷത്തിലാണ് ഉത്തര്‍പ്രദേശിലെ (Uttar Pradesh) ബിജ്നോറിലെ (Bijnor ) എംഎല്‍എ. പുതിയതായി നിര്‍മ്മിച്ച 7 കിലോമീറ്റര്‍ റോഡ് ഉദ്ഘാടനത്തിനായാണ് എംഎല്‍എ സൂച്ചി മൌസം ചൌധരിയെത്തിയത്. 1.16 കോടി രൂപ ചെലവിലായിരുന്നു റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. എന്നാല്‍ റോഡ് ഉദ്ഘാടന ചടങ്ങിനിടെ റോഡില്‍ നാളികേരമുടച്ചതോടെയാണ് പുത്തന്‍ റോഡിന്‍റെ ദയനീയാവസ്ഥ വെളിവായത്. തേങ്ങ ഉടച്ച ഭാഗത്തെ ടാറിംഗ് പൊളിഞ്ഞത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇതിന് പുറമേ തകരാറിലായ റോഡിന്‍റെ സാംപിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നത് വരെ ഇവിടെ നിന്ന് പോകാനും എംഎല്‍എ തയ്യാറായില്ല. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് എംഎല്എ വ്യക്തമാക്കി. ജലസേചന വകുപ്പാണ് 1.16 കോടിരൂപ ചെലവില്‍ 7.5 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. നിലവാരമില്ലാത്ത റോഡിന്‍റെ ഉദ്ഘാടന ചടങ്ങും എംഎല്‍എ മാറ്റി വച്ചു. ജില്ലാ മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേ നിയമിക്കണമെന്നാണ് എംഎല്എ ആവശ്യപ്പെട്ടത്. മൂന്ന് മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ സാംപിളെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്.

എന്നാല്‍ റോഡ് നിര്മ്മാണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം ബിജ്നോറിലെ ജലസേചന വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നിഷേധിച്ചു. മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷണം നടത്തണമെന്നാണ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വികാസ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അഴിമതി വിരുദ്ധ മുഖമുള്ള യോഗി സര്‍ക്കാരിന് അപമാനകരമായിരിക്കുകയാണ് സംഭവം.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ രാഗംഗ നദിക്ക് കുറുകേയുള്ള പാലം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നായി തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ പാലത്തില്‍ വാഹനങ്ങള്‍ ഉണ്ടാവാതിരുന്നത് ആളപകടം ഒഴിവാക്കിയിരുന്നു. സംഭവത്തിലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാനിലെ യാത്രാക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്നായി തകര്‍ന്ന പാലത്തിലെ രണ്ടാമത്തെ ഭാഗത്തായിരുന്നു വാന്‍ കുടുങ്ങിയത്. 1800 മീറ്റര്‍ നീളമുള്ള പാലം ഷാജഹാന്‍പൂരിനെ ബുലന്ദ്ഷെഹറുമായി ബന്ധിപ്പിക്കുന്നതാണ്. 1992ല്‍ ശിലാസ്ഥാപനം നടത്തിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത് 2011ലായിരുന്നു.