Asianet News MalayalamAsianet News Malayalam

തകർത്തതിന് പകരം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്ത് മമതാ ബാനർജി

ബിജെപി പശ്ചിമബംഗാളിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബംഗാൾ ഗുജറാത്തല്ലെന്ന് ഓർക്കണമെന്നും ഗവർണറോട് മമതാ ബാനർജി പറയുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ - ബിജെപി സംഘർഷമുണ്ടായപ്പോഴാണ് പ്രതിമ തകർക്കപ്പെട്ടത്. 

new statue nof eeswar chandra vidyasagar is installed in west bengal
Author
Kolkata, First Published Jun 11, 2019, 3:49 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിന്‍റെ നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർക്കപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ പുതിയ പ്രതിമ സ്ഥാപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി പശ്ചിമബംഗാളിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബംഗാൾ ഗുജറാത്തല്ലെന്ന് ഓർക്കണമെന്നും അനാച്ഛാദനച്ചടങ്ങിലെ പ്രസംഗത്തിൽ ഗവർണറോട് മമതാ ബാനർജി പറഞ്ഞു.

''ഇതൊരു പ്രതിമ തകർക്കുന്നതിൽ അവസാനിക്കുന്നില്ല. അവർ ബംഗാളിന്‍റെ സംസ്കാരമാണ് തകർക്കാൻ ശ്രമിക്കുന്നത്. എനിക്ക് ഗവർണറുടെ പദവിയോട് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ എല്ലാ പദവിക്കും ഭരണഘടനാപരമായി പരിമിതികളുണ്ട്. ബംഗാളിനെ ഗുജറാത്താക്കി മാറ്റാനുള് ഗൂഢ പദ്ധതിയാണ് നടക്കുന്നത്. ബംഗാൾ ഗുജറാത്തല്ലെന്ന് ഓർക്കണം. ബംഗാൾ സംസ്കാരത്തിനൊപ്പമാണ് നിങ്ങൾ നടക്കാനുദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്കൊപ്പം വരൂ'', എന്നും ഗവർണറോട് മമതാ ബാനർജി പറയുന്നു. 

കൊൽക്കത്തയിലെ ഒരു സ്കൂളിൽ വച്ചാണ് പുതിയ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ പിന്നീട് സംഘർഷം നടന്ന വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കും. പശ്ചിമബംഗാളിൽ ബിജെപി - തൃണമൂൽ സംഘർഷങ്ങൾ തുടർക്കഥയാകുന്നതിനിടെയാണ് പുതിയ പ്രതിമയുടെ അനാച്ഛാദനം മമതാ ബാനർജി നടത്തുന്നത്. 

'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് മെയ് 14-ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി  അക്രമാസക്തമായിരുന്നു. രാമന്‍റെയും ഹനുമാന്‍റെയും വേഷങ്ങൾ ധരിച്ച പ്രവർത്തകർ കാവി ബലൂണുകളുമായി കൊൽക്കത്തയിൽ റാലിയിൽ അണി നിരന്നു. കൊൽക്കത്ത നഗരമധ്യത്തിൽ ഇരുപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. വഴിയരികിൽ നിരവധി സ്ഥാപനങ്ങളും ബോ‍ർഡുകളും തകർക്കപ്പെട്ടു. ബംഗാളിൽ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമയും തകർക്കപ്പെട്ടു. 

ഇതേത്തുടർന്ന് 'പ്രതിമ'യെച്ചൊല്ലി വൻ രാഷ്ട്രീയവിവാദങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. പ്രതിമ തകർത്തത് ബിജെപിയാണെന്ന് തൃണമൂലും മറിച്ചാണെന്ന് ബിജെപിയും പരസ്പരം ആരോപിച്ചു. അക്രമം പരിധി വിട്ടപ്പോൾ പശ്ചിമബംഗാളിൽ ഒരു ദിവസം നേരത്തേ പരസ്യപ്രചാരണം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 

പ്രചാരണം വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കൊമ്പു കോർത്തിരുന്നു. അക്രമത്തിൽ തകർക്കപ്പെട്ട ബംഗാൾ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന് മോദി ഉത്തർപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചു.

പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വികാരപ്രശ്നം കൂടിയായ പ്രതിമ തകർക്കൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പ്രതിമ പഞ്ചലോഹങ്ങൾ ചേർത്ത് നിർമിക്കുമെന്ന് മോദി പ്രഖ്യാപിച്ചത്.  

Read More: 'ഈശ്വർ ചന്ദ്രയുടെ തകർത്ത പ്രതിമക്ക് പകരം പുതിയത് നിർമിക്കും', മമതയെ വെല്ലുവിളിച്ച് മോദി

എന്നാൽ ബംഗാളിന്‍റെ സ്വന്തം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനർജി പറഞ്ഞു. ''ബിജെപി തന്നെ തകർത്ത പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല'', മമത പറഞ്ഞു. പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു.

Read More: 'മോദിയുടെ പണം വേണ്ട, പ്രതിമ ഞങ്ങൾ നിർമിച്ചോളാം', മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുന്നെന്ന് മമത

അന്നത്തെ അക്രമങ്ങൾക്ക് ഇപ്പോഴും പശ്ചിമബംഗാളിൽ അയവില്ല. കഴി‍ഞ്ഞ ദിവസം 24 നോർത്ത പർഗാനാസ് ജില്ലയിലുണ്ടായ വെടിവെപ്പിലും സംഘർഷത്തിലും നാല് പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയും ഇതേ ഇടത്ത് ക്രൂ‍ഡ് ബോംബേറുണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios