കൊല്‍ക്കത്ത: കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്‍റില്‍ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോള്‍, തുര്‍ക്കിയില്‍ വിവാഹ ഒരുക്കത്തിലായിരുന്നു നടിയും എംപിയുമായ നുസ്റത്ത് ജഹാന്‍. വ്യാഴാഴ്ചയാണ് നുസ്റത്ത് വിവാഹ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പുറത്തുവിട്ടത്. വ്യവസായി നിഖില്‍ ജെയിനാണ് വരന്‍. തുര്‍ക്കി നഗരമായ ബോദ്രമിലായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നുസ്രത്തിന്‍റെ സുഹൃത്തും എംപിയുമായ മിമി ചക്രബൊര്‍ത്തിയും വിവാഹത്തില്‍ പങ്കെടുത്തു.

ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ വിവാഹ വിരുന്ന് ഒരുക്കും. രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കും. 
സിനിമാ താരമായ നുസ്രത്ത് ജഹാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബംഗാളിലെ ബസിര്‍ഹത് മണ്ഡലത്തില്‍നിന്നാണ് വന്‍ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റിലെത്തിയത്. വിവാഹ ചടങ്ങിലായതിനാല്‍ നുസ്രത്തിന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ജാദവ്പൂരില്‍നിന്നാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മിമി ചക്രബൊര്‍ത്തിയും പാര്‍ലമെന്‍റിലെത്തിയത്. ഇവരും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.