ഇമ്രാന്റെ വീട്ടുകാർ നൽകിയ ലിസ്റ്റ് അനുസരിച്ച് ലക്ഷങ്ങൾ ചെലവിട്ടാണ് വിവിധ സാധനങ്ങൾ വധുവിന്റെ കുടുംബം വാങ്ങി നൽകിയത്

കാൻപൂർ: വിവാഹം കഴിഞ്ഞ് 24 മണിക്കൂർ കഴിയും മുൻപ് നവ വധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി നവവരൻ. സ്ത്രീധനമായി 2 ലക്ഷം രൂപയോ അല്ലാത്ത പക്ഷം റോയൽ എൻഫീൽഡ് ബുള്ളറ്റോ നൽകാൻ വീട്ടുകാരെ നിർബന്ധിക്കാൻ നവവധു വിസമ്മതിച്ചതിനേ തുടർന്നാണ് സംഭവം. ഉത്ത‍ർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. വിവാഹ ശേഷം വധു ഭർതൃ ഗൃഹത്തിലെത്തിയതിന് പിന്നാലെ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും സ്ത്രീധനത്തിനായുള്ള സമ്മർദ്ദം തുടങ്ങി. മുസ്ലിം ആചാരം അനുസരിച്ച് നവംബർ 29നാണ് ലുബ്നയും മുഹമ്മദ് ഇമ്രാനും വിവാഹിതരായത്. കാൻപൂരിലെ ജൂഹി സ്വദേശികളാണ് ദമ്പതികൾ. വിവാഹത്തിന് പിന്നാലെ പുതിയ ജീവിതത്തേക്കുറിച്ചുള്ള പ്രതീക്ഷകളുമായി ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് കണ്ടതൊന്നുമായിരുന്നില്ല സത്യമെന്ന് ലുബ്നയ്ക്ക് വ്യക്തമായത്. ഇമ്രാന് വേണ്ടി ലുബ്ന കാര്യമായി ഒന്നും കൊണ്ടുവന്നില്ലെന്ന കുറ്റപ്പെടുത്തൽ തുടങ്ങി.

വിവാഹ സമ്മാനമായി വരന് നൽകിയത് ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ

ഇമ്രാന് വേണ്ടി ബുള്ളറ്റ് കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ വീട്ടുകാരോട് പറഞ്ഞ് രണ്ട് ലക്ഷം രൂപ വാങ്ങണം എന്നായി അടുത്ത ആവശ്യം. ലുബ്ന ധരിച്ചിരുന്ന ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരി വാങ്ങുകയും, വീട്ടുകാർ കൈവശം തന്നിരുന്ന പണവും ഭർത്താവിന്റെ വീട്ടുകാർ മേടിച്ചെടുത്തതായാണ് ലുബ്ന ആരോപിത്തുന്നത്. ഇതിന് പിന്നാലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടുവെന്നാണ് ആരോപണം. രാത്രി ഏഴ് മണിയോടെ ലുബ്ന തനിയെ വീട്ടിലെത്തുകയായിരുന്നു. വിവരം തിരക്കിയപ്പോഴാണ് സ്ത്രീധനത്തേ ചൊല്ലിയുള്ള പീഡനം വ്യക്തമായതെന്നാണ് ലുബ്നയുടെ പിതാവ് മെഹ്താബ് വിശദമാക്കുന്നത്. മകളുടെ വിവാഹത്തിനായി ലക്ഷങ്ങൾ ചെലവിട്ട ശേഷമാണ് ഇത്തരത്തിലൊരു അനുഭവമെന്നാണ് ലുബ്നയുടെ കുടുംബം വിശദമാക്കുന്നത്.

ഇമ്രാന്റെ വീട്ടുകാർ നൽകിയ ലിസ്റ്റ് അനുസരിച്ച് സോഫ, ടിവി, വാഷിംഗ് മെഷീൻ, ഡ്രെസിംഗ് ടേബിൾ, വാട്ടർ കൂള‍ർ, വെള്ളിയിലും പിച്ചളയിലുമുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ നൽകിയിരുന്നുവെന്നാണ് യുവതിയുടെ കുടുംബം വിശദമാക്കുന്നത്. വിവാഹ സമയത്ത് ബുള്ളറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. സംഭവത്തിൽ വിവാഹത്തിന്റെ പേരിലുണ്ടായ ചെലവും വിവാഹ സമ്മാനമെന്ന പേരിൽ തങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം