ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും സിംഘാം പറഞ്ഞു

ദില്ലി: ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം. താന്‍ ചൈനീസ് ഏജന്‍റല്ലെന്ന് നെവില്‍ റോയ് സിംഘാം പറഞ്ഞു. ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും സിംഘാം വ്യക്തമാക്കി. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധം പുലർത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവിൽ റോയ് സിംഘാം പറഞ്ഞു.

ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ദില്ലി പൊലീസ് എഫ്.ഐ.ആര്‍. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങൾ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്‍റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതൽ ഫണ്ടുകൾ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോദിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസിന്‍റെ ആരോപണം. ഗൗതം നവ് ലാഖ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളില്‍ ഈ പണം വന്‍തോതില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്സലുകള്‍ക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചാണിപ്പോള്‍ നെവില്‍ റോയ് സിംഘാം രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഏജന്‍റല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമില്ലെന്നുമാണ് നെവില്‍ റോയി സിംഘം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂസ് ക്ലിക്കിനെതിരായ കേസെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണിപ്പോള്‍ നെവില്‍ റോയ് പ്രതികരിക്കുന്നത്. ആദ്യമായാണ് ആരോപണങ്ങള്‍ക്ക് നെവില്‍ റോയ് മറുപടി നല്‍കുന്നത്.

Asianet News Live |Same-sex marriage verdict | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates