11:42 AM (IST) Dec 05

യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല

കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി. 

11:23 AM (IST) Dec 05

ചിന്നക്കനാല്‍ റിസര്‍വ് വനം വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടത്-ജോസ് കെ മാണി

ചിന്നക്കനാൽ റിസർവനം സംബന്ധിച്ച കരട് വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടതെന്നും അടിയന്തരമായി റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള വനം നിയമം 4-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഭൂമി റിസര്‍വ് വനമായി മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ ഭൂമി അപ്പോള്‍ തന്നെ റിസര്‍വ് വനമായി വേർതിരിച്ച് നടപടിക്രമങ്ങളിലേക്ക് പോകും. അവിടെ ജനജീവിതവും കാർഷിക പ്രവർത്തനങ്ങളും അസാധ്യമാകും. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ റവന്യൂഭൂമി റിസര്‍വ് വനമായി നിര്‍ദേശിച്ചുകൊണ്ടുള്ള 20.09.2023 എസ്.ആര്‍.ഒ നമ്പര്‍ 1119/23 സര്‍ക്കാര്‍ ഉത്തരവ് 19/2023 അടിയന്തിരമായി പിന്‍വലിക്കണമെന്നും നിര്‍ദ്ദേശം മരവിപ്പിച്ചു എന്ന നിലപാട് തികഞ്ഞ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണ്. 

11:36 PM (IST) Dec 04

കണ്ണൂരിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂരിൽ വീണ്ടും ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ധർമടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എഡി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

11:36 PM (IST) Dec 04

കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കു‌‌ഞ്ഞ് ലോഡ്ജിൽ മരിച്ച നിലയിൽ

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂർ സ്വദേശിയായ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

08:57 PM (IST) Dec 04

അര്‍ധരാത്രി വരെ കനത്ത മഴയും കാറ്റും, വിമാനത്താവളം നാളെ വരെ അടച്ചു, ദുരിതത്തിൽ ചെന്നൈ

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എര്‍പോര്‍ട്ട് അടച്ചു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ ഭരണകൂടം തീരുമാനിച്ചത്. അർദ്ധരാത്രി മുതൽ തുടങ്ങിയ കനത്ത മഴയെ തുടർന്ന് 20 വിമാനങ്ങൾ വൈകുകയും 10 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. നേരത്തെ റണ്‍വേയില്‍ വെള്ളം കയറിയതിനാൽ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 

07:25 PM (IST) Dec 04

കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ

 ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മ. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ ​ഹർജിയിൽ പറയുന്നു. യമനിൽ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി. യമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് അമ്മയുടെ ഹർജി. യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് നിമിഷയുടെ അമ്മയ്ക്കായി കോടതിയിൽ ഹാജരായത്

07:24 PM (IST) Dec 04

നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

വടക്കാഞ്ചേരിയിൽ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്തി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞു സ്ഥലത്തു നിന്നും നീക്കി. പിന്നീട് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്

07:07 PM (IST) Dec 04

മിഗ്ജാമ് ചുഴലിക്കാറ്റ് കരയോടടുക്കുന്നു

മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് കരയോട് അടുക്കുകയാണ്. നിലവിൽ ആന്ധ്രയിലെ നെല്ലൂരിന് 100 കി.മീ അകലെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് നിലനില്‍ക്കുന്നത്. ചെന്നൈയിൽ നിന്ന് 100 കി. മീറ്ററും പുതുച്ചേരിക്ക് 220 കി. മീറ്ററും അകലെയായിട്ടാണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

06:10 PM (IST) Dec 04

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുൽ റഷീദിനാണ് പരിക്കേറ്റത്. പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ചപ്പോൾ ബൈക്ക് മുന്നോട്ട് പോയ ശേഷം യുവാവ് വീഴുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

06:09 PM (IST) Dec 04

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്. വെടിവെപ്പിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് സുരക്ഷാ സേനയുടെ ക്യാമ്പ്. സേന സ്ഥലത്തെത്തിയപ്പോൾ ലീത്തു ഗ്രാമത്തിൽ 13 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

06:08 PM (IST) Dec 04

ജ്യൂസ് വാങ്ങാന്‍ വല്യമ്മക്കൊപ്പം ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കിയിലെ പീരുമേട്ടിൽ ജ്യൂസ് വാങ്ങാൻ ബേക്കറിയിൽ എത്തിയ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്.

02:54 PM (IST) Dec 04

കേരളത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍

കേരളത്തിന്‍റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

02:40 PM (IST) Dec 04

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം

കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

02:10 PM (IST) Dec 04

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടർന്നത് പരിഭ്രാന്തി പരത്തി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

12:15 PM (IST) Dec 04

അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്

വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

12:15 PM (IST) Dec 04

'പ്രതിഷേധിക്കുന്നവ‍രെ മർ‍ദ്ദിക്കുന്ന ഗുണ്ടകളെ പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന പൊലീസ്, മനുഷ്യത്വ രഹിതം'

മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെന്ന പേരിൽ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന സ്ഥിതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. നവ കേരള സദസിന് ആളെ കൂട്ടാൻ പിഞ്ചുകുഞ്ഞുങ്ങളെ വരെ ക്ലാസുകളില്‍ നിന്ന് ഇറക്കി കൊണ്ടുപോകുകയാണ്. പ്രതിഷേധിക്കുന്നവരെ മനുഷ്യത്വരഹിതമായി പൊലീസ് കൈകാര്യം ചെയ്യുന്ന സ്ഥലമായി കേരളം മാറി. ജനാധിപത്യത്തില്‍ പ്രതിഷേധം അനുവദനീയമാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിഷേധിക്കുന്നവ‍രെ ഗുണ്ടകള്‍ മർ‍ദ്ദിക്കുന്നത് പൊലീസ് പുഞ്ചിരിയോടെ നോക്കി നിന്നു. ഇത്രയും മനുഷ്യത്വരഹിതമായ ഒരു യാത്ര ഒരു മുഖ്യമന്ത്രിയും കേരളം നടത്തിയിട്ടില്ല. മനുഷ്യാവകാശ ലംഘത്തിന് എതിരെ കേന്ദ്രം ഇടപെടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. 

09:58 AM (IST) Dec 04

ആദ്യ ജയം സോറം മൂവ്മെന്റിന്

ആദ്യ ജയം സോറം പീപ്പിൾസ് മൂവ്മെന്റിന്. സോറം പീപ്പിൾസ് മൂവ്മെന്റിന്റെ സ്ഥാനാർത്ഥി തുയ്‌ചാങ് മണ്ഡലത്തിൽ വിജയിച്ചു,

08:15 AM (IST) Dec 04

ആദ്യ ട്രെൻഡ് എംഎൻഎഫിന് അനുകൂലം

മിസോറാം തെരഞ്ഞെടുപ്പിൽ എംഎൻഎഫ് മൂന്ന് സീറ്റിൽ മുന്നിൽ. സോറം മൂവ്മെന്റ് ഒരിടത്താണ് മുന്നിലുള്ളത്

08:14 AM (IST) Dec 04

ഡോ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു.

ഡോ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 2014 തെരഞ്ഞെടുപ്പിൽ എറണാകുളം പാ‍ര്‍ലമെന്റ് മണ്ഡലത്തിൽ ഇട് സ്ഥാനാ‍ര്‍ത്ഥിയായിരുന്ന അദ്ദേഹം 1973 ബാച്ച് ഗുജറാത്ത് കേഡ‍ര്‍ ഐഎഎസ് ഓഫീസറായിരുന്നു. 

08:12 AM (IST) Dec 04

നേതൃത്വം കോൺഗ്രസിന് നൽകില്ല!

ഇന്ത്യ സഖ്യത്തിൽ നിലപാട് കടുപ്പിക്കാൻ തീരുമാനിച്ച് പ്രാദേശിക പാർട്ടികൾ. നേതൃത്വം കോൺഗ്രസിന് നൽകാനാവില്ലെന്ന് തൃണമൂൽ കോൺഗ്രസും ജെഡിയുവും എസ്പിയും നിലപാടെടുക്കുന്നു. സീറ്റ് ധാരണ ഈ മാസം പൂർത്തിയാക്കണമെന്നാണ് ആവശ്യം.